റെയിൽവേഭൂമി അടച്ചുകെട്ടും; പള്ളത്തുകാർക്ക് യാത്ര വഴിമുട്ടും
1542821
Wednesday, April 16, 2025 1:26 AM IST
ഒറ്റപ്പാലം: ഒരുവശത്ത് റെയിൽവേസ്റ്റേഷൻ, മറുവശത്ത് ഭാരതപ്പുഴ. ഒറ്റപ്പാലം റെയിൽവേ സ്റ്റേഷനപ്പുറം പള്ളംപ്രദേശത്ത് താമസിക്കുന്നവരുടെ യാത്രാദുരിതം വർധിപ്പിച്ചുകൊണ്ടാണ് റെയിൽവേ പ്ലാറ്റ്ഫോം നീളംകൂട്ടൽ നടത്തുന്നത്. പ്ലാറ്റ്ഫോമിന്റെ നിർമാണം പൂർത്തിയായാൽ രണ്ടാൾ ഉയരത്തിൽ മതിൽ ഉയർന്നു പൊങ്ങും. ഇതോടെ പള്ളത്തുകാർക്ക് സഞ്ചാരസ്വാതന്ത്ര്യവും നഷ്ടമാവും. പുഴയ്ക്കും റെയിൽവേസ്റ്റേഷനുമിടയിലായതിനാൽ ഇവിടേക്ക് വഴിയില്ലെന്നതാണ് പ്രദേശവാസികളെ കുഴക്കുന്ന മുഖ്യപ്രശ്നം. റെയിൽവേയുടെ നിർമാണപ്രവൃത്തികൾ പ്രദേശത്ത് പുരോഗമിക്കുകയാണ്.
പാളം മുറിച്ചുകടന്നാണ് ഇവിടത്തുകാർ പള്ളംഭാഗത്തേക്ക് പോകുന്നത്. നിലവിലുള്ള പ്രശ്നങ്ങൾക്കെല്ലാം ഏകപരിഹാരം റെയിൽവേസ്റ്റേഷൻ പ്ലാറ്റ്ഫോമിനറ്റത്ത് ഒരു കാൽനട മേൽപ്പാലം സ്ഥാപിക്കുക എന്നതു മാത്രമാണ്. ഇതോടെ യാത്രക്കാർക്ക് പാളംമുറിച്ചുകടക്കാതെ മേൽപ്പാലത്തിലൂടെ അപ്പുറംകടക്കാൻ സാധിക്കും.
പള്ളത്ത് ഏകദേശം 100 കുടുംബങ്ങളാണ് താമസിക്കുന്നത്. വഴിയില്ലാത്തതിനാൽ ഇവിടത്തെ കിടപ്പുരോഗികളെ ആശുപത്രിയിലെത്തിക്കാൻ പ്രദേശവാസികൾ ബുദ്ധിമുട്ട് നേരിടുന്നുണ്ട്. രണ്ട് പ്രളയമുണ്ടായപ്പോൾ ഭാരതപ്പുഴയിൽനിന്ന് വെള്ളംകയറുന്ന പ്രശ്നമുണ്ടായി. വഴിയില്ലാത്ത പ്രശ്നത്തിനൊപ്പം വെള്ളംകയറുന്ന പ്രശ്നംകൂടിവന്നതോടെ പലരും വീടൊഴിഞ്ഞുപോയി.
ഇതിനിടെ പള്ളത്തുകാർ പാളംമുറിച്ചുകടക്കുന്ന സ്ഥലത്ത് സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കാൻ റെയിൽവേ മതിൽകെട്ടാൻ പദ്ധതിയുമിട്ടു. അന്ന് രാഷ്ട്രീയപ്രതിരോധത്തെ തുടർന്നാണ് റെയിൽവേ ആ പദ്ധതിയിൽനിന്ന് പിൻമാറിയത്. ഇവിടെ കാൽനട മേൽപ്പാലം നിർമിക്കണമെന്ന ആവശ്യം നാട്ടുകാർ റെയിൽവേയ്ക്കുമുന്നിൽ അവതരിപ്പിച്ചിരുന്നു.
ഒറ്റപ്പാലം സ്റ്റേഷനിൽ പ്രവേശനകവാടത്തിന് സമീപത്താണ് മേൽപ്പാലമുള്ളത്. ലിഫ്റ്റ് സൗകര്യവുമുണ്ട്. മറ്റിടങ്ങളിൽനിന്നെല്ലാം പ്ലാറ്റ്ഫോം മറികടക്കണമെങ്കിൽ പാളംമുറിച്ചുകടക്കണമെന്നതാണ് സ്ഥിതി. ഒരു മേൽപ്പാലംകൂടി നിർമിച്ചാൽ യാത്രക്കാർക്ക് പ്ലാറ്റ്ഫോം മുറിച്ചുകടക്കാനും ഗുണകരമാകും. മേൽക്കൂരകളുടെ നിർമാണത്തിനൊപ്പം മേൽപ്പാലംകൂടി നിർമിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
അതേസമയം നിലവിൽ റെയിൽവേ നിർമാണ പ്രവൃത്തികൾ നടത്തുന്ന സ്ഥലത്ത് ഒറ്റപ്പാലം നഗരസഭ ചെയർപേഴ്സൺ കെ. ജാനകിദേവി സന്ദർശനം നടത്തി. റെയിൽവേ സ്റ്റേഷന്റെ പടിഞ്ഞാറുഭാഗത്താണ് പഴയ ഓട്ടുകമ്പനിയോട് ചേർന്ന് റെയിൽവേ ഭൂമിയിൽ ഇപ്പോൾ പ്ലാറ്റ്ഫോം നിർമാണ പ്രവൃത്തികൾ പുരോഗമിക്കുന്നത്.