പെട്രോൾ ബോംബെറിഞ്ഞു കൊലപ്പെടുത്തിയ കേസിൽ പോലീസ് കുറ്റപത്രം തയാർ
1543172
Thursday, April 17, 2025 1:40 AM IST
ഒറ്റപ്പാലം: ചുനങ്ങാട് നിർമാണത്തിലിരുന്ന വീട്ടിലേക്ക് പെട്രോൾ ബോംബെറിഞ്ഞു തൊഴിലാളി മരിച്ച സംഭവത്തിൽ കുറ്റപത്രം തയാറായി. കുറ്റപത്രം സമർപ്പിക്കാൻ പ്രോസിക്യൂഷൻ അനുമതിക്കായി പോലീസ് ജില്ലാ കളക്ടറെ സമീപിച്ചിരിക്കുകയാണ്.
എക്സ്പ്ലോസീവ് വകുപ്പുകൾ ഉൾപ്പെട്ട കേസായതിനാൽ കുറ്റപത്രം സമർപ്പിക്കാൻ കളക്ടറുടെ അനുമതി വേണമെന്നതിനാലാണിത്. അനുമതിക്കുശേഷം ഒറ്റപ്പാലം പോലീസ് കുറ്റപത്രം സമർപ്പിക്കും. കോഴിക്കോട് കൊയിലാണ്ടി കന്നൂർ മാണിക്കോത്ത് മീത്തൽ വിഷ്ണു (27) മരിച്ച സംഭവത്തിലാണ് കുറ്റപത്രം സമർപ്പിക്കാനുള്ള നടപടികൾ പോലീസ് തുടങ്ങിയത്. കേസിൽ ചുനങ്ങാട് മനയങ്കത്ത് നീരജ് (32) നിലവിൽ റിമാൻഡിലാണ്. കഴിഞ്ഞ ജനുവരി 13ന് പുലർച്ചെ 2.17നാണ് നിർമാണത്തിലിരിക്കുന്ന ചുനങ്ങാട്ടെ വീട്ടിൽ സ്ഫോടനം നടന്നത്.
വീടിനു മുമ്പിലെ കുളത്തിന്റെ നിർമാണത്തിന് കോഴിക്കോടുനിന്ന് ആറു തൊഴിലാളികളെത്തിയിരുന്നു. ഇവർ രാത്രി വീടിനു മുൻവശത്ത് കിടന്നുറങ്ങുകയായിരുന്നു.
ഇതിനിടെയാണ് ഈ വീടിന്റെ സമീപത്തെ വീട്ടിൽ താമസിച്ചിരുന്ന നീരജ് പെട്രോൾ ബോംബ് എറിഞ്ഞത്. തൊഴിലാളികൾ കളിയാക്കുന്നുവെന്ന തോന്നലിലാണ് നീരജ് പെട്രോൾ ബോംബ് എറിഞ്ഞതെന്ന് പോലീസ് കണ്ടെത്തിയിരുന്നു.
അന്ന് വിഷ്ണുവുൾപ്പെടെ രണ്ടുപേർക്കാണ് ഗുരുതരമായി പരിക്കേറ്റത്. ചികിത്സയിലിരിക്കേ ഫെബ്രുവരി ഒന്നിനു വിഷ്ണു മരിച്ചു. പരിക്കേറ്റ ബാലുശ്ശേരി സ്വദേശി പ്രിയേഷിന് ഒരുമാസത്തോളം നീണ്ട ചികിത്സ വേണ്ടിവന്നു. ജില്ലാ കളക്ടറുടെ അനുമതി ലഭിച്ചാൽ ഉടൻ പോലീസ് കുറ്റപത്രം കോടതിയിൽ സമർപ്പിക്കും.