ആദിവാസിഫണ്ട് തട്ടാൻ വനം-വൈദ്യുതി വകുപ്പ് ഉന്നതതല സിൻഡിക്കേറ്റ്: സുമേഷ് അച്യുതൻ
1542823
Wednesday, April 16, 2025 1:26 AM IST
പാലക്കാട്: ആദിവാസി ഉന്നതികളിലെ വികസനത്തിനെന്ന പേരിൽ ഫണ്ട്തട്ടാൻ വനം വൈദ്യുതിവകുപ്പ് ഉന്നതരുടെ സിൻഡിക്കേറ്റ് പ്രവർത്തിക്കുന്നതായി ഡിസിസി വൈസ് പ്രസിഡന്റ് സുമേഷ് അച്യുതൻ. അട്ടപ്പാടിയിലെ നാല് ഉൗരുകളിൽ അനർട്ട് നടപ്പാക്കിയ സൗരോർജ, കാറ്റാടി, വൈദ്യുതി പദ്ധതികളിലെ അഴിമതി അന്വേഷിക്കാൻ ചുമതലപ്പെടുത്തിയത് അഡീഷണൽ ചീഫ് സെക്രട്ടറി ജ്യോതി ലാലിനെയാണ്.
ഒരേസമയം വനംവകുപ്പിന്റെയും വൈദ്യുതിവകുപ്പിന്റേയും സെക്രട്ടറി ചുമതല വഹിക്കുന്ന ജ്യോതിലാലിനെ അന്വേഷണം ഏൽപ്പിച്ചത് ഈ സിൻഡിക്കേറ്റിന്റെ തീരുമാനപ്രകാരമാണ്. അനർട്ട് അഴിമതികളിലെ കൂട്ടുപ്രതിയായ ജ്യോതിലാലിന്റെ റിപ്പോർട്ട് വൈദ്യുതി മന്ത്രിയേയും അനർട്ട് സിഇഒ നരേന്ദ്രനാഥ് വേലൂരിയേയും വെള്ളപൂശാൻ ഇറക്കുന്ന തിരക്കഥയ്ക്ക് അനുസരിച്ചായിരിക്കും.
കുറ്റാരോപിതനായ അനർട്ട് സിഇഒ നരേന്ദ്രനാഥ് വേലൂരിയും അഡീഷണൽ ചീഫ്സെക്രട്ടറി ജ്യോതിലാലും തങ്ങളുടെ സ്ഥാനത്തെ മുതലെടുത്ത് നിരവധി തവണ സർക്കാർ ചിലവിൽ ഒരുമിച്ച് വിദേശയാത്രകൾ നടത്തിയിട്ടുണ്ടെന്ന് ആരോപിച്ച സുമേഷ് ഇതു സംബന്ധിച്ച ഗവണ്മെന്റ് ഓർഡർ പുറത്തുവിട്ടു. ഇത്തരം അന്വേഷണപ്രഹസനത്തിനു പകരം വിജിലൻസ് അന്വേഷണത്തിനു ശുപാർശ ചെയ്യാൻ മന്ത്രി കെ. കൃഷ്ണൻകുട്ടിയ്ക്ക് ധൈര്യമുണ്ടോയെന്ന് സുമേഷ് അച്യുതൻ വെല്ലുവിളിച്ചു.
അട്ടപ്പാടിയിൽ 60 സോളാർ പാനൽ സ്ഥാപിച്ചതിൽ നാലെണ്ണം മാത്രമാണ് പ്രവർത്തനരഹിതമെന്നും മറ്റുള്ള ഗുണമേന്മയോടെ പ്രവർത്തിക്കുന്നതായും മന്ത്രി അവകാശപ്പെട്ടിരുന്നു. അട്ടപ്പാടിയിലെ വനം ഉദ്യോഗസ്ഥരെ കോണ്ഗ്രസ് നേതാക്കൾ ഉൗരുകളിൽ എത്തിയതിന്റെ പേരിലും ഭീഷണിപ്പെടുത്തുന്നുണ്ട്.
തിരുവനന്തപുരത്തും വയനാട്ടിലും കണ്ണൂരിലും ഇടുക്കിയിലും വനം-വൈദ്യുതി വകുപ്പ് അഴിമതി സിൻഡിക്കേറ്റ് പ്രവർത്തിക്കുന്നുണ്ട്. ഈ സംഘടിതകൊള്ളയ്ക്കെതിരെ രാഷ്ട്രീയ,നിയമപോരാട്ടം തുടരുമെന്നും സുമേഷ് അച്യുതൻ പത്രസമ്മേളനത്തിൽ വ്യക്തമാക്കി. യൂത്ത് കോണ്ഗ്രസ് സംസ്ഥാന ജനറൽസെക്രട്ടറി പ്രതീഷ് മാധവൻ, കോണ്ഗ്രസ് ചിറ്റൂർ ബ്ലോക്ക് പ്രസിഡന്റ് സച്ചിദാനന്ദ ഗോപാലകൃഷ്ണൻ എന്നിവർ പങ്കെടുത്തു.