കല്പാത്തി കെഎസ്ഇബി സെക്്ഷൻ ഓഫീസ് കയറിയിറങ്ങാൻ പെടാപ്പാട്
1543167
Thursday, April 17, 2025 1:39 AM IST
പാലക്കാട്: കല്പാത്തി ഇലക്ട്രിക്കൽ സെക്്ഷൻ ഓഫീസ് കെട്ടിടനിർമാണം ഉടൻ ആരംഭിക്കണമെന്നും നിർമാണം പൂർത്തീകരിക്കുന്നതുവരെ ഉപഭോക്താക്കളുടെ സൗകര്യം കണക്കിലെടുത്തു ഓഫീസ് താഴത്തെ നിലയിൽ സൗകര്യമുള്ള വാടക കെട്ടിടത്തിലേക്കു മാറ്റണമെന്നും ആവശ്യം.
പ്രായമായവർക്കും ഭിന്നശേഷിക്കാർക്കും ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതായി ആക്ഷേപം ശക്തമാണ്. സെക്്ഷൻ ഓഫീസിനു വേണ്ടി ചാത്തപ്പുരത്തുള്ള 33 കെ വി സബ്സ്റ്റേഷന് സമീപത്ത് 2014 ൽ 10 സെന്റ് സ്ഥലം വാങ്ങിക്കുകയും 2019 ൽ നിർമാണോദ്ഘാടനം കഴിഞ്ഞതുമാണ്. പിന്നീട് ആറുവർഷം കഴിഞ്ഞിട്ടും ഓഫീസിന്റെ നിർമാണം തുടങ്ങിയുമില്ല. 2003 മുതൽ സെക്്ഷൻ ഓഫീസ് കല്പാത്തിയിലുള്ള വാടക കെട്ടിടത്തിന്റെ ഒന്നാം നിലയിൽ പ്രവർത്തിച്ചു വരുകയാണ്. ഏറെ ബുദ്ധിമുട്ടി ഗോവണി കയറിയാണ് പലരും ഓഫീസിലെത്തുന്നത്.
ഭിന്നശേഷി വിഭാഗത്തിൽപെട്ടവർക്ക് ഈ ഓഫീസിൽ കയറാൻ പോലും കഴിയില്ല. താഴത്തെ നിലയിൽ സൗകര്യമുള്ള കെട്ടിടം വാടകക്കെടുത്ത് ഓഫീസ് പ്രവർത്തിപ്പിക്കണമെന്ന ആവശ്യമുന്നയിച്ച് ആം ആദ്മി പാർട്ടി പ്രവർത്തകർ അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എൻജിനീയർ വി.കെ. രാംപ്രകാശിനു നിവേദനം നൽകി.
അവശ്യമായ നടപടികൾ സ്വീകരിക്കാമെന്ന് അദ്ദേഹം ഉറപ്പും നൽകി. ആം ആദ്മി പാർട്ടി ജില്ലാ പ്രസിഡന്റ് ടി. വേണുഗോപാൽ, വൈസ് പ്രസിഡന്റ് പുഷ്പ, പാലക്കാട് നിയോജകമണ്ഡലം സമിതി അംഗം കെ.സി. ഉണ്ണികൃഷ്ണൻ എന്നിവരാണ് നിവേദനം നൽകിയത്.