പാലക്കാടിന്റെ സമാധാന അന്തരീക്ഷം തകർക്കരുത്: എൻസിപി- എസ് ജില്ലാ കമ്മിറ്റി
1543454
Friday, April 18, 2025 12:34 AM IST
പാലക്കാട്: നഗരസഭ സ്ഥാപിക്കുന്ന ഭിന്നശേഷി നൈപുണ്യ കേന്ദ്രത്തിനു ആർഎസ്എസ് സ്ഥാപകന്റെ പേരിടുന്നതിനെ ചൊല്ലിയുള്ള വിവാദങ്ങളും പ്രതിഷേധങ്ങളും പാലക്കാടിന്റെ സമാധാനന്തരീക്ഷം തകർക്കാൻ ഇടവരരുതെന്നു എൻസിപി- എസ് ജില്ലാ നേതൃയോഗം അഭിപ്രായപ്പെട്ടു.
സംഘപരിവാർ നിയന്ത്രണത്തിലുള്ള പാലക്കാട് നഗരസഭ ഭരണനേതൃത്വവും എസ്ഡിപിഐ പിന്തുണയോടെ നിയമസഭാ അംഗമായ പാലക്കാട് എംഎൽഎയും ആസന്നമായ തദ്ദേശതെരഞ്ഞെടുപ്പും നിയമസഭാ തെരഞ്ഞെടുപ്പും മുന്നിൽകണ്ട് രാഷ്ട്രീയലക്ഷ്യത്തോടെ നടത്തുന്ന ഇത്തരം നീക്കങ്ങൾക്കെതിരേ മതേതര വിശ്വാസികളും സമാധാനകാംക്ഷികളും ജാഗ്രത പുലർത്തണമെന്നു യോഗം അഭ്യർഥിച്ചു.
ജില്ലാ പ്രസിഡന്റ് എ. രാമസ്വാമി യോഗത്തിൽ അധ്യക്ഷത വഹിച്ചു.
സംസ്ഥാന ജനറൽ സെക്രട്ടറി ടി.എൻ. ശിവശങ്കരൻ യോഗം ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി പി.എ. റസാഖ് മൗലവി, സംസ്ഥാന നിർവാഹക സമിതി അംഗങ്ങളായ കാപ്പിൽ സൈതലവി, പി. അബ്ദുൽ റഹ്്മാൻ, മോഹൻ ഐസക്, ഷെനിൻ മന്ദിരാട്, ദേശീയസമിതിഅംഗം അഡ്വ.എ.കെ. മുഹമ്മദ് റാഫി, ജില്ലാ ഭാരവാഹികൾ പങ്കെടുത്തു.