വിഷുവിനൊരുങ്ങി നാടും നഗരവും
1542560
Monday, April 14, 2025 12:55 AM IST
ജോജി തോമസ്
നെന്മാറ: വിഷുവിനൊരുങ്ങി നാടും നഗരവും. പച്ചക്കറി, പഴ, പടക്കവിപണിയിൽ മുന്പെങ്ങുമില്ലാത്ത തിരക്കായിരുന്നു ഇത്തവണ. വിഷുക്കണി ഒരുക്കുന്നതിന്റെ മുന്നോടിയായി അങ്ങാടികളിൽ വൻ തിരക്കായിരുന്നു. പുതിയ മോഡൽ പടക്കങ്ങളും കമ്പിത്തിരിയും, വിഷു ചക്രങ്ങളുമായാണ് വിഷുവിപണി ആകർഷണീയമായത്. പൊട്ടിവിടരുന്ന ഇന്ത്യൻ ഡ്രാഗൺ, മാനത്തു തീതുപ്പി കത്തിജ്വലിക്കുന്ന ചൈനീസ് ഡ്രാഗൺ, ബഹുവർണം വിതറുന്ന ഫ്ളവർ എവറസ്റ്റ് എന്ന ഭീമൻ പൂക്കുറ്റി തുടങ്ങി പടക്ക വിപണിയിൽ കൗതുകമേറെയാണ്.
ചൈനീസ് മോഡലിന്റെ പാത പിന്തുടർന്ന് പതിവിൽനിന്നു വ്യത്യസ്തമായി പലയിനം പടക്കങ്ങളും ഇക്കുറി പടക്കവിപണിയിൽ എത്തിയിരുന്നു. കുടെ പതിവു പരമ്പരാഗത കമ്പിത്തിരി, മത്താപ്പ്, ഓലപ്പടക്കങ്ങളുടെ വില്പനയും തകൃതിയായിരുന്നു.
വിഷുവിനു തലേദിവസമായ ഇന്നലെ ഞായറാഴ്ച സാധാരണ അങ്ങാടി ഒഴിവു ദിവസമാണെങ്കിലും വിഷു പ്രമാണിച്ച് കടകൾ തുറന്നിരുന്നു. പടക്കം, പച്ചക്കറി, പഴങ്ങൾ, വെറ്റില തുടങ്ങി കണിയൊരുക്കാനുള്ള വസ്തുക്കളുടെ കച്ചവടമാണ് തകൃതിയായത്. മുൻവർഷങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ വലിയ വിലക്കൂടുതലുമില്ല.
ടൗണുകളിൽ ലൈസൻസ് ഉള്ളവർ മാത്രം പടക്കം വ്യാപാരം നടത്തുമ്പോൾ നാട്ടിൻപുറങ്ങളിൽ താത്കാലിക കച്ചവടക്കാർ വഴിയോരങ്ങളിലും വ്യാപാരസ്ഥാപനങ്ങളോടും ചേർന്നും പടക്കവില്പന സജീവമാക്കി. ടൗണുകളിലെ കടകളിലും ചില സംഘടനകളും തമിഴ്നാട്ടിൽ നിന്നും മറ്റും കൊണ്ടുവന്ന് ഗിഫ്റ്റ് പാക്കറ്റ് എന്ന നിലയിൽ നിശ്ചിത രൂപയ്ക്ക് കിറ്റുകളായും നൽകുന്നുണ്ട്.
സൂപ്പർ മാർക്കറ്റുകൾ മുതൽ വഴിയോരങ്ങളിൽ വരെ കണിക്കൊന്ന വില്പനയും സജീവമായിരുന്നു. പ്രകൃതിദത്ത കണിക്കൊന്നയെ വെല്ലുന്ന നിറവും ഭംഗിയുമുള്ള കൃത്രിമകണിക്കൊന്നയും വാഹനവും വീടും അലങ്കരിക്കാൻ ആവശ്യക്കാരുണ്ട്. തുണിക്കടകളിൽ കസവുകരയുള്ള സെറ്റുമുണ്ടും ശ്രീകൃഷ്ണ ചിത്രങ്ങളുള്ള വസ്ത്രങ്ങൾക്കും ആവശ്യക്കാരുണ്ട് .
പാത്രകടകളിൽ കണിയൊരുക്കാനുള്ള ഓട്ടുരുളികളും സ്വർണനിറം പൂശിയ പാത്രങ്ങളും പ്രദർശിപ്പിച്ച് വില്പന നടത്തുന്നുണ്ട്.
പഴം, പച്ചക്കറിവിപണിയും സജീവമായിരുന്നു. മുന്തിരി, ഓറഞ്ച്, ചക്ക, കണിവെള്ളരി, മത്തൻ തുടങ്ങിയ വിവിധ കണിവസ്തുക്കൾക്കും ആവശ്യക്കാരേറെയുണ്ടായിരുന്നു. പഴങ്ങൾക്കും നേരിയതോതിൽ വിലവർധന വന്നിട്ടുണ്ട്.