വിശുദ്ധവാരം ക്രിസ്തീയജീവിതത്തിന്റെ മൂർച്ചകൂട്ടാനുള്ള സമയം: മാർ പോൾ ആലപ്പാട്ട്
1542824
Wednesday, April 16, 2025 1:27 AM IST
കോയന്പത്തൂർ: ക്രിസ്തീയജീവിതത്തിന്റെ മൂർച്ചകൂട്ടാനുള്ള സമയമാണ് വിശുദ്ധവാരമെന്ന് മാർ പോൾ ആലപ്പാട്ട് പറഞ്ഞു. പൗരോഹിത്യ വിശുദ്ധീകരണദിനത്തിൽ വിശുദ്ധകുർബാനമധ്യേ സന്ദേശംനൽകുകയായിരുന്നു ബിഷപ്.
പൗരോഹിത്യം സഭയുടെ പൊതുസ്വത്താണെന്നും ഇതു സ്വീകരിച്ചവർ കൂട്ടംതെറ്റാതെ മുമ്പോട്ടുപോകാനുള്ള പരിശ്രമമാണ് വിശുദ്ധീകരണദിനത്തിലൂടെ നടത്തേണ്ടതെന്നും അദ്ദേഹം ഓർമിപ്പിച്ചു.
നിലനിൽക്കുന്ന കുറവുകൾ ഒറ്റക്കെട്ടായി പരിഹരിച്ചാൽ സഭയാകുന്ന നൗക നിത്യതയിലേക്ക് അനായാസം യാത്ര തുടരും.
പൗരോഹിത്യ വിശുദ്ധീകരണദിനത്തിലൂടെ അർഥമാക്കുന്നത് എന്നേക്കും നിലനിൽക്കുന്ന ക്രിസ്തുവിന്റെ വിശ്വസ്തതയോടു പൗരോഹിത്യ വിശ്വസ്തത ചേർന്നുപോകേണ്ട ആവശ്യകതയാണ്.
അതു യാഥാർഥ്യമാകുന്നത് ഒരുവനിൽ നിക്ഷിപ്തമാകുന്ന ദൗത്യം സംതൃപ്തിയോടെ നിർഹിക്കുന്നതിലൂടെയാണ്. അതിനു വൈദികർ മറ്റുള്ളവരെ വിശുദ്ധീകരിക്കുന്നതിനുമുമ്പ് സ്വയം വിശുദ്ധീകരിക്കണം.
ഇപ്രകാരം സ്വയം വിശുദ്ധീകരിക്കുന്ന വൈദികർ വെഞ്ചരിച്ച തൈലത്താൽ പരിശുദ്ധാത്മാവിന്റെ സഹായത്തോടെ വിശ്വാസികളെ വിശുദ്ധീകരിക്കുകയും ചെയ്യുമ്പോൾ പൗരോഹിത്യ ശുശ്രൂഷയുടെ അഭിഷേകം പൂർണവും കൂടുതൽ ഫലദായകവും ആകുമെന്നും ബിഷപ് പറഞ്ഞു.