പാലക്കാട്- പൊള്ളാച്ചി റൂട്ടിൽ അപകടങ്ങൾക്കു കുറവില്ല
1543461
Friday, April 18, 2025 12:34 AM IST
എലപ്പുള്ളി: അപകട മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചിട്ടും മോട്ടർവാഹനവകുപ്പും പോലീസും പരിശോധനകൾ കർശനമാക്കിയിട്ടും പാലക്കാട്- പൊള്ളാച്ചി പാതയിലെ അപകടങ്ങൾക്കു കുറവില്ല.
രണ്ടു മാസത്തിനിടെ ചെറുതും വലുതുമായ ഇരുപതിലേറെ അപകടങ്ങളിലായി 25 പേർക്കു പരിക്കേറ്റു.
അഞ്ചുപേർ മരിച്ചു. ഇരട്ടയാൽ ജംഗ്ഷൻ, വള്ളേക്കുളം, പള്ളത്തേരി, പാറ ജംഗ്ഷൻ, നോമ്പിക്കോട്, നെയ്തലപാലം, ഇരട്ടക്കുളം എന്നിങ്ങനെ ഒട്ടേറെ സ്ഥിരം ഹോട്സ്പോട്ടുകളാണ് പാലക്കാട്- പൊള്ളാച്ചി അന്തർസംസ്ഥാന പാതയിലുള്ളത്.
വാഹനങ്ങളുടെ അമിതവേഗത്തിനും അശ്രദ്ധയ്ക്കും പുറമേ പലയിടത്തും റോഡിനു മതിയായ വീതിയില്ലാത്തതും വളവുമാണ് അപകടങ്ങൾക്കു വഴിയൊരുക്കുന്നത്.
അപകടം കുറയ്ക്കാനും ഗതാഗതക്കുരുക്ക് അഴിക്കാനും പോലീസിന്റെയും മോട്ടർവാഹന വകുപ്പിന്റെയും നിർദേശത്തോടെ പാറ ജംഗ്ഷനിൽ ഗതാഗത പരിഷ്കാരം നടപ്പാക്കിയിട്ടുണ്ട്.
പലയിടത്തും ഇതുമൂലം തിരക്കും അപകടവും കുറയ്ക്കാനായി. ഒരു വർഷം മുൻപാണു റോഡ് പുതുക്കി പണിതത്.
കിഫ്ബി ഫണ്ട് ഉപയോഗിച്ചു നാലുവരിപ്പാതയായി മാറ്റാനുള്ള പദ്ധതി തയാറാക്കിയിട്ടുണ്ട്.