കേടായ കൂളർ മാറ്റിനൽകാത്തതിനു നഷ്ടപരിഹാരം നൽകണം: ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ
1542820
Wednesday, April 16, 2025 1:26 AM IST
ആലത്തൂർ: പുതുതായി വാങ്ങിയ എയർ കൂളറുകളിലൊന്ന് കേടായത് മാറ്റി നൽകാത്തതിന് കൂളറിന്റെ വില, പലിശ, ചെലവ്, മനോവിഷമമുണ്ടാക്കിയതിന് നഷ്ടം എന്നിവ വില്പനക്കാരനും നിർമാതാവും ഉപഭോക്താവിന് നൽകാൻ ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ ഉത്തരവ്. മണപ്പുള്ളിക്കാവ് ഗോകുലത്തിൽ ടി.വി. ചന്ദ്രശേഖരന്റെ പരാതിയിലാണ് കമ്മീഷന്റെ ഉത്തരവ്.
2024 മാർച്ചിൽ പാലക്കാട് നടത്തിയ പ്രദർശനവ്യാപാരമേളയിലെ എറണാകുളം വൈറ്റിലയിലെ ഡിക്യൂഎഫ് ഏജൻസിയിൽ നിന്ന് രണ്ട് വർഷം വാറന്റിയുള്ള രണ്ട് എയർ കൂളറുകൾ വാങ്ങി. ഉപയോഗത്തിലിരിക്കെ ഒരു മാസത്തിനകം അതിലൊന്ന് കേടായി. വിവരം വില്പനക്കാരനെ അറിയിച്ചപ്പോൾ കുറച്ച് ദിവസം കഴിഞ്ഞ് കേടായ കൂളർ എടുത്ത് മറ്റൊന്ന് പകരം നൽകി. പകരംനൽകിയ കൂളറും അടുത്തദിവസം പ്രവർത്തിക്കാതായി.
ഈ വിവരം അറിയിച്ചെങ്കിലും ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞുമാറുകയാണ് ചെയ്തത്. തുടർന്ന് ചന്ദ്രശേഖരൻ ആലത്തൂരിലെ ഫോറം ഫോർ കൺസ്യൂമർ ജസ്റ്റിസിന്റെ സഹായം തേടി. കേടായ കൂളർ നന്നാക്കിയോ അല്ലെങ്കിൽ മാറ്റിയോ നൽകണമെന്ന് കാണിച്ച് വില്പനക്കാരന് കത്തയച്ചുവെങ്കിലും തർക്കം പരിഹരിച്ചില്ല.
കൂളറിന്റെ വില 3990, വാങ്ങിയ ദിവസം മുതൽ പൈസ തിരിച്ച് നൽകുന്നത് വരെ പത്ത് ശതമാനം പലിശ, മനോവിഷമമുണ്ടാക്കിയതിന് 5000 , ചെലവ് 2000 എന്നിങ്ങനെ സംഖ്യകൾ 45 ദിവസത്തിനകം നൽകണമെന്നും വൈകിയാൽ ഓരോ മാസത്തിനും വീണ്ടും 500 രൂപ വീതം നൽകണമെന്നും വി. വിനയ് മേനോൻ പ്രസിഡന്റും എ. വിദ്യ, എൻ.കെ . കൃഷ്ണൻകുട്ടി അംഗങ്ങളുമായുള്ള കമ്മീഷന്റെ ഉത്തരവിൽ പറഞ്ഞു.