ഊട്ടി, കൊടൈക്കനാലിൽ പ്ലാസ്റ്റിക് നിരോധനം: നടപടികൾ കർശനമാക്കി അധികൃതർ
1543459
Friday, April 18, 2025 12:34 AM IST
കോയന്പത്തൂർ: ഊട്ടി, കൊടൈക്കനാൽ എന്നിവയുൾപ്പെടെ പശ്ചിമഘട്ടമേഖലയിൽ 28 തരം പ്ലാസ്റ്റിക് ഉത്പന്നങ്ങൾ നിരോധിച്ചു മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടതിന്റെ പശ്ചാത്തലത്തിൽ പോലീസ് പരിശോധന ഊർജിതം.
നിരോധനം ലംഘിച്ച് പ്ലാസ്റ്റിക് കൊണ്ടുപോകുന്ന വാഹനങ്ങൾ പിടിച്ചെടുക്കാനും ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്. നീലഗിരിയിലേക്ക് പ്ലാസ്റ്റിക് ഉത്പന്നങ്ങൾ പ്രവേശിക്കുന്നത് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സുബ്രഹ്മണ്യ കൗശിക് സമർപ്പിച്ച ഹർജിയിൽ വാദം കേൾക്കുന്നതിനിടെയാണ് കോടതിയുടെ ഉത്തരവ്.
പശ്ചിമഘട്ടത്തിലെ വിനോദസഞ്ചാരികൾക്ക് കുടിവെള്ള കുപ്പികളും ബാഗുകളും വാടകയ്ക്ക് നൽകുന്ന പദ്ധതി നടപ്പിലാക്കണമെന്നും കോടതി ശുപാർശ ചെയ്തിട്ടുണ്ട്. ഇതിനിടെ പോലീസ് അടക്കമുള്ള അധികൃതർ ഊട്ടി, കൊടൈക്കനാൽ മേഖലയിൽ വാഹന പരിശോധനയും പ്ലാസ്റ്റിക് കണ്ടെത്തലും കർശനമാക്കിയിട്ടുണ്ട്.