വനംവകുപ്പ് ആർആർടിക്കെതിരേ നടപടിയെടുക്കണമെന്നു കിഫ
1543173
Thursday, April 17, 2025 1:40 AM IST
പാലക്കാട്: മുണ്ടൂരിൽ കാട്ടാനയാക്രമണത്തിൽ കൊല്ലപ്പെട്ട അലന്റെ മരണത്തിനു കാരണക്കാരായ വനംവകുപ്പിന്റെ ആർആർടിക്കെതിരേ വകുപ്പുതല നടപടിയെടുക്കണമെന്നു കിഫ.
ജില്ലയിൽ കാട്ടാനയുടെ രൂക്ഷമായ ശല്യം അനുഭവിക്കുന്ന പ്രദേശങ്ങളാണ് മലമ്പുഴ നിയോജക മണ്ഡലത്തിലെ മുണ്ടൂർ, പുതുപ്പരിയാരം, മലമ്പുഴ പഞ്ചായത്തുകൾ.
മുൻകാലങ്ങളിൽ മുണ്ടൂർ, പുതുപ്പരിയാരം പഞ്ചായത്തുകളിൽമാത്രം അഞ്ചുപേർ കൊല്ലപ്പെടുകയും പലർക്കും പരിക്കേൽക്കുകയും വ്യാപകമായ കൃഷി നാശം സംഭവിക്കുകയും ചെയ്തിട്ടുണ്ട്.
മുണ്ടൂർ, പുതുപ്പരിയാരം പഞ്ചായത്തുകളിൽ കാട്ടാന ഇറങ്ങുന്നതുമായി ബന്ധപ്പെട്ട വിവരങ്ങൾ പ്രദേശവാസികളെ അറിയിക്കുവാൻ വേണ്ടി 2021 ഡിസംബർ 24ന് വാട്സ്ആപ് ഗ്രൂപ്പ് രൂപീകരിച്ചിരുന്നു.
വന്യമൃഗങ്ങൾ ഇറങ്ങുന്നത് സംബന്ധിച്ച് യാതൊരു വിധ വിവരങ്ങളോ മുന്നറിയിപ്പുകളോ പാലക്കാട് ഡിവിഷന്റെ കീഴിലുള്ള ആർആർടി ഈ ഗ്രൂപ്പിൽ അറിയിച്ചിരുന്നില്ല. അലൻ കൊല്ലപ്പെടുന്നതിന്റെ തലേദിവസവും കാട്ടാനക്കൂട്ടം ജനവാസ മേഖലയിൽ ഇറങ്ങിയിരുന്നു.
എന്നാൽ ആർആർടി ഈ പ്രദേശങ്ങളിൽ എത്തുകയോ ആനയെ തുരത്തുകയോ ജനങ്ങൾക്ക് ആനയുടെ സാന്നിധ്യം സംബന്ധിച്ച എന്തെങ്കിലും വിവരങ്ങൾ ഈ ഗ്രൂപ്പിൽ കൂടി അറിയിക്കുകയോ ചെയ്തിട്ടില്ല.
മുണ്ടൂർ പഞ്ചായത്തിലെ കട്ടിക്കൽ മുതൽ പുതുപ്പരിയാരം പഞ്ചായത്തിലെ ധോണി വരെയുള്ള മലയോരപ്രദേശങ്ങൾ ജനങ്ങൾ തീവ്രമായ കാട്ടാന ഭീതിയിൽ കഴിയുമ്പോഴും ആർആർടിയുടെ നിഷ്ക്രിയത്വമാണ് യുവാവിന്റെ ജീവൻ ബലികൊടുത്തത്. കർത്തവ്യ നിർവഹണത്തിൽ അന്പേ പരാജയമാണ് പാലക്കാട് ഡിവിഷനു കീഴിലെ ആർആർടി വിഭാഗമെന്നും യോഗം കുറ്റപ്പെടുത്തി.
ഇനിയും മനുഷ്യജീവനുകൾ പൊലിയാതിരിക്കാൻ മന്ത്രിയുടെ കൂടുതൽ ഇടപെടലുകളുണ്ടാവണമെന്നും കിഫ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.