അമ്പലപ്പാറയിലും ഒരുങ്ങുന്നു കളിമൈതാനം
1543170
Thursday, April 17, 2025 1:40 AM IST
ഒറ്റപ്പാലം: അമ്പലപ്പാറയിലും കായിക സ്വപ്നങ്ങൾക്കഉ ചിറകുമുളയ്ക്കുന്നു. പഞ്ചായത്തിലെ ചുനങ്ങാട്ട് നാട്ടുകാർ ചേർന്ന് മൈതാനം സ്വന്തമാക്കിയതിനു പിന്നാലെയാണ് അമ്പലപ്പാറയിലും മൈതാനമൊരുങ്ങുന്നത്. ആശുപത്രിപ്പടിയിലുള്ള പഞ്ചായത്ത് മൈതാനമാണു നവീകരിക്കുന്നത്.
2023- 24 വർഷത്തെ സംസ്ഥാന ബജറ്റിലെ ഒരു കോടി രൂപ വിനിയോഗിച്ച് മൈതാനത്തിന്റെ നവീകരണം തുടങ്ങി. ചുറ്റുമതിൽ കെട്ടൽ തുടങ്ങി.
ഫുട്ബോൾ, വോളിബോൾ, കബഡി കോർട്ടുകൾ, ഫ്ലഡ്ലിറ്റ് സംവിധാനം, കായികോപകരണങ്ങൾ സ്ഥാപിക്കൽ തുടങ്ങിയവയും നടപ്പാക്കും. കേരള സ്പോർട്സ് ഫൗണ്ടേഷനാണ് നിർവഹണച്ചുമതല.
എട്ടുമാസമാണ് കരാർ കാലാവധി. ചുനങ്ങാട് മുട്ടിപ്പാലത്തുകാർചേർന്ന് പണം സമാഹരിച്ച് 38 സെന്റ് സ്ഥലം 40 ലക്ഷം രൂപയ്ക്ക് സ്വന്തമാക്കി നാടിന്റെ പൊതുസ്വത്തായി പ്രഖ്യാപിച്ചിരുന്നു.
അമ്പലപ്പാറ ആശുപത്രിപ്പടിയിൽ ഒരേക്കറിലധികംവരുന്ന മൈതാനം നാലുപതിറ്റാണ്ടായി നവീകരണംകാത്ത് കിടക്കുകയായിരുന്നു.
മിച്ചഭൂമിയായിരുന്ന സ്ഥലം പഞ്ചായത്ത് മൈതാനമാക്കി ഉയർത്തുന്നത് 1985-ലാണ്.
ഉദ്ഘാടനസമയത്ത് നിർമിച്ച ഒരു സ്റ്റേജും രണ്ടു മുറികളുമുണ്ടെങ്കിലും ഇതുപയോഗിക്കാതെ കിടക്കുകയാണ്.
കെട്ടിടത്തിൽ ഇതുവരെ വൈദ്യുതിപോലും ഏർപ്പെടുത്തിയിട്ടില്ല.