നെല്ലുസംഭരണത്തിലെ മെല്ലെപ്പോക്ക് അവസാനിപ്പിക്കണം: കർഷകസംഘം
1543460
Friday, April 18, 2025 12:34 AM IST
പാലക്കാട്: സാങ്കേതിക പ്രശ്നങ്ങളുടെപേരിൽ നെല്ലുസംഭരണം വൈകുന്നതു കർഷകരെ ദുരിതത്തിലാക്കുന്നുവെന്ന് കർഷകസംഘം ജില്ലാ കമ്മിറ്റി.
മെല്ലെപ്പോക്ക് അവസാനിപ്പിച്ച് സംഭരണം കാര്യക്ഷമമാക്കാൻ സപ്ലൈകോ തയാറാകണം. തുടർച്ചയായ അവധി, സാമ്പത്തിക വർഷാവസാനത്തെ കണക്കെടുപ്പ് എന്നിവ മൂലം സംഭരണം രണ്ടുംമുന്നും ആഴ്ച വൈകി.
ഇതിനുപുറമെ ബാങ്കുകളുമായുള്ള കരാർ ഒപ്പിടുന്നതിൽ കാലതാമസം വന്നതിനാൽ നെല്ലുനൽകിയ കർഷകർക്കു പണം ലഭിക്കാനും തടസം നേരിടുന്നു.
ഇപ്പോൾ സാങ്കേതിക പ്രശ്നങ്ങളുടെ പേരുപറഞ്ഞ് സംഭരണം നീണ്ടുപോകുകയാണ്. കിഴക്കൻ മേഖലയിൽ കൊയ്തെടുത്ത നെല്ല് ചാക്കിലാക്കി പാടത്തും മറ്റും കിടക്കുന്നു.
ഇടയ്ക്കിടക്ക് പെയ്യുന്ന മഴയിൽ നെല്ല് നശിക്കുമെന്ന ആശങ്കയിലാണ് കർഷകർ. നെല്ലുനനഞ്ഞാൽ ഈർപ്പത്തിന്റെ പേരിൽ തൂക്കം കുറയ്ക്കുകയും അതു കർഷകന് വലിയ സാമ്പത്തിക നഷ്ടം വരുത്തുകയും ചെയ്യും.
നെൽകൃഷിയ മാത്രം ആശ്രയിച്ച് ജീവിക്കുന്ന ആയിരക്കണക്കിന് കർഷകരുടെ ജീവിതത്തിൽ പ്രതിസന്ധിയുണ്ടാക്കുന്ന ഇത്തരം നിലപാടിൽ നിന്നും സപ്ലൈകോ പിൻമാറണം. സാങ്കേതിക പ്രശ്നങ്ങൾ ഉടൻ പരിഹരിക്കണം.
സംഭരണം കാര്യക്ഷമാക്കുകയും നെല്ല് അളന്ന ഉടൻ പണം നൽകാൻ നടപടി സ്വീകരിക്കുകയും വേണം. അല്ലെങ്കിൽ സമര പരിപാടികളുമായി മുന്നോട്ടുപോകുമെന്നും ജില്ലാകമ്മിറ്റി മുന്നറിയിപ്പുനൽകി.
യോഗത്തിൽ ജില്ലാ പ്രസിഡന്റ് കെ.ഡി. പ്രസേനൻ എംഎൽഎ അധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡന്റ് സി.കെ. രാജേന്ദ്രൻ, ജില്ലാ സെക്രട്ടറി എം.ആർ. മുരളി എന്നിവർ പ്രസംഗിച്ചു.