പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്കുനേരെ പീഡനശ്രമം; രണ്ടുപേർ റിമാൻഡിൽ
1543174
Thursday, April 17, 2025 1:40 AM IST
ഷൊർണൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ രണ്ടുപേർ റിമാൻഡിൽ. സാമൂഹികമാധ്യമങ്ങൾവഴി സുഹൃത്തുക്കളായി മാറിയവരുടെ കൂടിച്ചേരലിനിടെയാണ് പ്രായപൂർത്തിയാവാത്ത പെൺകുട്ടികളെ പീഡിപ്പിക്കാൻ ശ്രമം നടന്നത്.
സംഭവത്തിൽ മലപ്പുറം ചോക്കാട് പാറൽ മമ്പാട്ടുമൂല കോട്ടയിൽ സുനിൽകുമാർ (45), കല്ലിപ്പാടം അണ്ടിക്കുന്നുപറമ്പിൽ ജയകൃഷ്ണൻ (55) എന്നിവരാണ് റിമാൻഡിലായത്.
കുളപ്പുള്ളിയിൽ സാമൂഹികമാധ്യമംവഴി കൂട്ടായവരുടെ കൂടിച്ചേരലിൽ പങ്കെടുക്കാനെത്തിയതായിരുന്നു ഇവർ. രാത്രിയിൽ കുട്ടികളുടെ വീട്ടിൽവെച്ച് പീഡിപ്പിക്കാൻ ശ്രമിക്കയായിരുന്നെന്നാണ് പരാതി.
രാത്രി കലാപരിപാടികൾക്കുശേഷം കുട്ടികളുടെ ബന്ധുവിനൊപ്പം വീട്ടിൽക്കയറിയ ഇരുവരും രണ്ട് കുട്ടികളോടും മോശമായി പെരുമാറിയെന്നും രക്ഷിതാക്കൾ അടുത്തില്ലാത്ത സമയത്തായിരുന്നു സംഭവമെന്നും പോലീസ് പറഞ്ഞു. പിന്നീട് പെൺകുട്ടികൾ സംഭവം രക്ഷിതാക്കളെ അറിയിച്ച് പോലീസിൽ പരാതി നൽകുകയായിരുന്നു.
പത്ത്, ഒൻപത് വയസുള്ള കുട്ടികളെയാണ് പീഡിപ്പിക്കാൻ ശ്രമിച്ചത്. കുട്ടികളുടെ ബന്ധു ഉൾപ്പെടെയുള്ളവരുള്ള സാമൂഹികമാധ്യമക്കൂട്ടായ്മയുടെ പരിപാടിയാണ് സംഘടിപ്പിച്ചത്.
പരാതിയെത്തുടർന്ന് കഴിഞ്ഞ ദിവസം ഇവരെ പോലീസ് അറസ്റ്റുചെയ്തിരുന്നു. പ്രതികളെ കോടതി റിമാൻഡുചെയ്തു. എസ്ഐ കെ.എ. ഡേവിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ പിടികൂടിയത്.