ജില്ലയിൽ ആദ്യത്തെ മെഗാ മൾട്ടിസ്പെഷാലിറ്റി മെഡിക്കൽ ക്യാമ്പ് തൃത്താലയിലൊരുങ്ങുന്നു
1543455
Friday, April 18, 2025 12:34 AM IST
പാലക്കാട്: തൃത്താല നിയോജകമണ്ഡലത്തിൽ മന്ത്രി എം.ബി. രാജേഷിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന സമഗ്ര ആരോഗ്യപദ്ധതിയായ അൻപോടെ തൃത്താലയുടെ ഭാഗമായി മെഗാ മൾട്ടി സ്പെഷാലിറ്റി മെഡിക്കൽ ക്യാമ്പ് മേയ് 11 ന് സംഘടിപ്പിക്കുന്നു.
വട്ടേനാട് ഗവ. വിഎച്ച്എസ് സ്കൂളിൽ രാവിലെ എട്ടുമുതൽ ഉച്ചയ്ക്ക് ഒന്നുവരെയാണ് ക്യാമ്പ്. സർക്കാർ ആശുപത്രികളും എറണാകുളം അമൃത, ലിസി, തൃശൂർ ജൂബിലി, അമല, കോട്ടയ്ക്കൽ മിംസ്, പെരിന്തൽമണ്ണ ഇഎംഎസ് ആശുപത്രി ഉൾപ്പെടെ കേരളത്തിലെ മികച്ച സ്വകാര്യ ആശുപത്രികളും ഹോമിയോ, അലോപ്പതി, ആയുർവേദ വിഭാഗങ്ങളും ക്യാമ്പിന്റെ ഭാഗമാകും.
ജനറൽ മെഡിസിൻ, ജനറൽ സർജറി, ശിശുരോഗ വിഭാഗം, അസ്ഥിരോഗ വിഭാഗം, ഇഎൻടി, ത്വക്ക് രോഗ വിഭാഗം, പൾമനോളജി - ശ്വാസകോശവിഭാഗം, ഗൈനക്കോളജി, നേത്രരോഗ വിഭാഗം, ഹൃദ്രോഗവിഭാഗം -കാർഡിയോളജി, വൃക്കരോഗവിഭാഗം - നെഫ്രോളജി, ഉദരരോഗ വിഭാഗം - ഗ്യാസ്ട്രോ എന്ററോളജി, ന്യൂറോളജി, കാൻസർ വിഭാഗം - ഓങ്കോളജി, പീഡിയാട്രിക് സർജറി, കാർഡിയോ തൊറാസിക് സർജറി, യൂറോളജി, ന്യൂറോ സർജറി, സർജിക്കൽ, ഓങ്കോളജി, ഇന്റർവെൻഷണൽ റേഡിയോളജി, പാലിയേറ്റീവ് കെയർ, ദന്തരോഗ വിഭാഗം, ആയുർവേദം, ഹോമിയോ ഉൾപ്പെടെ 28 വിഭാഗങ്ങളുടെ സേവനം ലഭ്യമാക്കുന്ന ജില്ലയിലെ ആദ്യ മെഗാ മൾട്ടി സ്പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പ് കൂടിയാണിത്.
ക്യാമ്പിൽ പങ്കെടുക്കുന്നവർക്കാവശ്യമായ തുടർ ചികിത്സാ സംവിധാനവും ഉറപ്പാക്കും. മൊബൈൽ ദന്തൽ ക്ലിനിക്ക് ഉൾപ്പെടെ വിപുലമായ ചികിത്സാ സൗകര്യങ്ങൾ ഒരുക്കിയാണ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നത്. മെഡിക്കൽ ക്യാമ്പിൽ പങ്കെടുന്നവർ മുൻകൂട്ടി രജിസ്റ്റർ ചെയ്യണം. അപേക്ഷ ഫോം തൃത്താല എംഎൽഎ ഓഫീസിലും ഗ്രന്ഥശാലകളിലും ഈമാസം 30 വരെ ലഭ്യമാകും.
മെഗാ മൾട്ടി സ്പെഷാലിറ്റി മെഡിക്കൽ ക്യാമ്പിന്റെ വിജയത്തിനായി സംഘാടകസമിതി രൂപീകരിച്ചു. യോഗം മന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്തു.വട്ടേനാട് എൽപി സ്കൂളിൽ ചേർന്ന യോഗത്തിൽ യു.ആർ. പ്രദീപ് എംഎൽഎ മുഖ്യാതിഥിയായി.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ആർ. കുഞ്ഞുണ്ണി അധ്യക്ഷനായി. ഡോ. ജോ ജോസഫ് പദ്ധതി വിശദീകരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ വി.വി. ബാലചന്ദ്രൻ, പി.കെ. ജയ, ജില്ലാ പഞ്ചായത്ത് അംഗം വി.പി. ഷാനിബ ടീച്ചർ, തഹസിൽദാർ ടി.പി. കിഷോർ, അൻപോട് തൃത്താല സെക്രട്ടറി എ.പി. സുനിൽ ഖാദർ, സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ പ്രവർത്തകർ, അൻപോടെ തൃത്താല പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. പ്രസിഡന്റ് ഡോ.ഇ. സുഷമ സ്വാഗതവും ട്രഷറർ പി.വി. രാംദാസ് നന്ദിയും പറഞ്ഞു.