പള്ളം പ്രദേശത്തുകാർക്ക് വിഷുക്കണിയായി റെയിൽവേയുടെ വെള്ളിടി
1542563
Monday, April 14, 2025 12:55 AM IST
ഒറ്റപ്പാലം: പള്ളം പ്രദേശത്തുകാർക്ക് റെയിൽവേയുടെ വിഷുകൈനീട്ടം- വഴി അടച്ചുകെട്ടി. റെയിൽവേ സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായിട്ടാണ് പ്രദേശത്തേക്കുള്ള വഴി അടച്ചുകെട്ടുന്നതെന്നും അതല്ല പ്ലാറ്റ്ഫോം വിപുലീകരണത്തിന്റെ ഭാഗമായിട്ടാണ് കരിങ്കല്ലിട്ട് അടച്ചു കെട്ടുന്നതെന്നുമാണ് സ്ഥിരീകരിക്കാത്ത വിവരം. നിരവധി വീടുകളിലേക്കുള്ള വഴിയാണ് അടച്ചുകെട്ടി റെയിൽവേ നിർമാണ പ്രവൃത്തികൾ നടത്തുന്നത്. ഒറ്റപ്പാലം റെയിൽവേസ്റ്റേഷനപ്പുറത്ത് പാളംമുറിച്ചുകടക്കുന്ന നടവഴിയിലാണ് റെയിൽവേ മതിൽ കെട്ടുന്നത്. നേരത്തെയും ഇത്തരത്തിലുള്ള നീക്കം നടന്നിരുന്നു. എന്നാൽ അന്ന് ഡോ. രാധാ മോഹൻദാസ് അഗർവാൾ എംപി ഇടപെട്ടാണ് നിർത്തിവെപ്പിച്ചത്.
വീട്ടിലേക്കുള്ള വഴി നിഷേധിക്കപ്പെടുമോ എന്ന ആധി ഒറ്റപ്പാലം റെയിൽവേസ്റ്റേഷനപ്പുറത്ത് താമസിക്കുന്ന പള്ളം നിവാസികൾക്ക് യാഥാർഥ്യമാവുകയാണ്. ഇവിടെ 30 ഓളം കുടുംബങ്ങൾ താമസിക്കുന്നുണ്ട്. ഈ വഴിയടച്ചാൽ ഇവർക്ക് സ്വന്തം വീട്ടിലേക്ക് പോകാനോ വരാനോ കഴിയില്ല. ഒറ്റപ്പാലം റെയിൽവേസ്റ്റേഷനും ഭാരതപ്പുഴയ്ക്കുമിടയിലായാണ് 30 ഓളം കുടുംബങ്ങൾ താമസിക്കുന്നത്. സ്റ്റേഷന് ഒരറ്റത്ത് രണ്ടാംപ്ലാറ്റ്ഫോമിന് 50 അടി മുൻവശത്തായാണ് ഇവിടേക്കുള്ള നടവഴി. പ്രദേശത്തുള്ളവർക്ക് വാഹനം വീടുകളിലേക്കെത്തിക്കാനാകാത്ത പ്രശ്നവുമുണ്ട്.
ഇവിടങ്ങളിൽനിന്ന് അസുഖമുള്ളവരെയും മറ്റും ആശുപത്രിയിലേക്കെത്തിക്കണമെങ്കിൽ ഇവരെ താങ്ങിയെടുത്ത് പാളം മുറിച്ചുകടക്കേണ്ട സ്ഥിതിയാണുള്ളത്. ഇരുചക്രവാഹനങ്ങളെല്ലാം പാളത്തിനിപ്പുറം നിർത്തിയാണ് ഇവിടുത്തുകാർ വീടുകളിലേക്ക് പോകാറുള്ളത്. ഇതുമൂലം വാഹനത്തിന്റെ പലഭാഗങ്ങളും മോഷ്ടിക്കപ്പെടുകയും ചെയ്യുന്ന പ്രശ്നങ്ങളുമുണ്ട്. ഇത്തരം പ്രശ്നങ്ങൾ നിലനിൽക്കെയാണ് നടവഴികൂടി ഇല്ലാതാവുന്നത്.