എയർഹോൺ ദുരുപയോഗം; പിഴയിട്ട് ഗതാഗതവകുപ്പ്
1543458
Friday, April 18, 2025 12:34 AM IST
കോയമ്പത്തൂർ: എയർഹോണുകൾ മുഴക്കി ചീറിപ്പായുന്ന ബസുകൾക്കു പിഴചുമത്തി ആർടിഒ അധികൃതർ. നഗരത്തിലും പ്രാന്തപ്രദേശങ്ങളിലും സർവീസ് നടത്തുന്ന സർക്കാർ, സ്വകാര്യബസുകളിൽ ഉച്ചത്തിലുള്ള എയർ ഹോണുകൾ ഘടിപ്പിക്കുന്നത് വളരെക്കാലമായി നിലനിൽക്കുന്ന ഒരു പതിവാണ്.
ഏയർഹോണുകൾ വ്യാപകമായി അപകടങ്ങൾ സൃഷ്ടിക്കുന്നുവെന്ന കണ്ടെത്തിലിലാണ് ആർടിഒ നടപടി.
പ്രാദേശിക ഗതാഗത ഉദ്യോഗസ്ഥരും മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥരും ഇന്നലെ ഗാന്ധിപുരം ബസ് സ്റ്റാൻഡിൽ മിന്നൽ പരിശോധന നടത്തി. ശബ്ദ ലെവൽ മീറ്ററിൽ 90 ഡെസിബെൽ കവിഞ്ഞ ബസുകൾക്ക് പിഴ ചുമത്തിയത്. വാഹനങ്ങളിൽ സ്ഥാപിച്ചിരുന്ന എയർ ഹോണും അവർ നീക്കം ചെയ്തു. സ്വകാര്യ ബസുകൾക്കൊപ്പം സർക്കാർ ബസുകളും പരിശോധനയ്ക്കു വിധേയമായി. മൂവായിരം രൂപമുതൽ പതിനായിരംരൂപ വരെ പല വാഹനങ്ങൾക്കും പിഴ ചുമത്തിയതായി അധികൃതർ അറിയിച്ചു.