പെസഹാവ്യാഴം ആചരിച്ചു
1543462
Friday, April 18, 2025 12:34 AM IST
പാലക്കാട്: യേശുക്രിസ്തു പരിശുദ്ധ കുർബാന സ്ഥാപിച്ചതിന്റെയും ശിഷ്യരുടെ പാദങ്ങൾ കഴുകി വിനയത്തിന്റെ മാതൃക നൽകിയതിന്റെയും പൗരോഹിത്യം എന്ന കൂദാശ സ്ഥാപിക്കപ്പെട്ടതിന്റെയും ഓർമ പുതുക്കി ലോകമെമ്പാടും പെസഹാവ്യാഴം ആചരിച്ചു. വിവിധ ദേവാലയങ്ങളിൽ രാവിലെ നടന്ന പ്രത്യേക തിരുക്കർമങ്ങളിൽ വിശ്വാസികൾ പങ്കുചേർന്നു.
സെന്റ് റാഫേൽസ് കത്തീഡ്രൽ
പാലക്കാട് സെന്റ് റാഫേൽസ് കത്തീഡ്രലിൽ തിരുക്കർമങ്ങൾക്കു പാലക്കാട് രൂപതാധ്യക്ഷൻ മാർ പീറ്റർ കൊച്ചുപുരയ്ക്കൽ നേതൃത്വം നൽകി.
രാവിലെ 6. 30നു ശുശ്രൂഷകൾ ആരംഭിച്ചു. നൂറുകണക്കിനു വിശ്വാസികളാണ് പെസഹാതിരുനാളിൽ കത്തീഡ്രലിൽ എത്തിച്ചേർന്നത്. ദേവാലയത്തിലെ ശുശ്രൂഷകൾക്കുശേഷം കാൽകഴുകൽശുശ്രൂഷയും നടത്തി. പെസഹാതിരുനാളിൽ രാവിലെ മുതൽ വൈകീട്ടുവരെ തുടർച്ചയായി ആരാധനാശുശ്രൂഷകൾ നടന്നു. വൈകീട്ട് ആറുമുതൽ ഏഴുവരെ പൊതു ആരാധനയിൽ നിരവധിപേർ സംബന്ധിച്ചു.
ഇന്നു ദുഃഖവെള്ളിദിനത്തിൽ രാവിലെ ആറരയ്ക്ക് ശുശ്രൂഷകൾ ആരംഭിക്കും. പീഡാനുഭവചരിത്ര വായനയും വിശുദ്ധ കുരിശിന്റെ ചുംബനവും തുടർന്ന് സന്ദേശവുമുണ്ടാകും. വൈകുന്നേരം നാലരയ്ക്ക് പാലക്കാട് സെന്റ് റാഫേൽസ് കത്തീഡ്രലിൽനിന്ന് പാലക്കാട് കോട്ടമൈതാനിയിലെ രാപ്പാടിയിലേക്കു പരിഹാരപ്രദക്ഷിണം നടക്കും.
രാപ്പാടിയിൽ നടക്കുന്ന ആത്മീയശുശ്രൂഷകൾക്കുശേഷം മാർ പീറ്റർ കൊച്ചുപുരയ്ക്കൽ കുരിശിന്റെ ആശീർവാദംനൽകും. ഇന്നത്തെ ശുശ്രൂഷകളുമായി ബന്ധപ്പെട്ട വിപുലമായ പരിപാടികളാണ് ഏർപ്പെടുത്തിയിരിക്കുന്നതെന്നു വികാരി ഫാ. ജോഷി പുലിക്കോട്ടിലും കൈക്കാരന്മാരായ സുരേഷ് വടക്കൻ, പി.എൽ. ജോസഫ് എന്നിവരും അറിയിച്ചു.
രാമനാഥപുരം കത്തീഡ്രൽ
കോയമ്പത്തൂർ: രാമനാഥപുരം ഹോളി ട്രിനിറ്റി കത്തീഡ്രലിൽ പെസഹാ തിരുനാൾ ആചരിച്ചു. രൂപത മെത്രാൻ മാർ പോൾ ആലപ്പാട്ട് തിരുക്കർമങ്ങൾക്കു മുഖ്യകാർമികത്വം വഹിച്ചു.
രൂപത വൈസ് ചാൻസലർ ഫാ. ആന്റണി കൂട്ടുങ്കൽ, കോയമ്പത്തൂർ സിഎംഐ പ്രേഷിത പ്രോവിൻസ് വികാർ പ്രൊവിൻഷ്യൽ ഫാ. വിൻസൺ ചക്യത്ത് സിഎംഐ, കത്തീഡ്രൽ വികാരി ഫാ. മാർട്ടിൻ പട്ടരുമടത്തിൽ, സഹവികാരി ഫാ. നെൽസൺ കളപ്പുരയ്ക്കൽ, സ്പിരിച്വൽ പ്രീസ്റ്റ് ഫാ. വിൽസൺ പ്ലാക്കൽ എന്നിവർ സഹകാർമികരായി. ഇടവകയിലെ 12 പേരുടെ കാലുകൾ കഴുകിക്കൊണ്ട് ബിഷപ് ഈശോ കാണിച്ചുതന്ന വിനയത്തിന്റെ മാതൃക ആവർത്തിച്ചു.
ഇടവകയിലെ കുടുംബകൂട്ടായ്മ, വിവിധ സംഘടനകളുടെ നേതൃത്വത്തിൽ ദിവ്യകാരുണ്യ ആരാധനയും വൈകുന്നേരം പൊതു ആരാധനയും നടന്നു.
കൈക്കാരന്മാരായ പി.വി. ജെയ്സൺ, ജെർസൺ ജോർജ്, ബിജു ഇത്താക്ക്, ഇടവകയിലെ വിവിധ സംഘടനകളുടെ ഭാരവാഹികൾ എന്നിവർ പരിപാടികൾക്കു നേതൃത്വം നൽകി.
സുൽത്താൻപേട്ട സെന്റ് സെബാസ്റ്റ്യൻസ് കത്തീഡ്രലിൽ നടന്ന തിരുക്കർമങ്ങൾക്കു ബിഷപ് ഡോ. പീറ്റർ അബീർ അന്തോണിസാമി മുഖ്യകാർമികത്വം വഹിച്ചു. അട്ടപ്പാടി ജെല്ലിപ്പാറ സെന്റ് പീറ്റേഴ്സ് ദേവാലയത്തിൽ നടന്ന തിരുക്കർമങ്ങൾക്കു ബിഷപ് എമരിറ്റസ് മാർ ജേക്കബ് മനത്തോടത്ത് മുഖ്യകാർമികത്വം വഹിച്ചു.