മന്ത്രിസഭയുടെ നാലാം വാർഷികാഘോഷം: പ്രദർശന വിപണനമേള മേയിൽ പാലക്കാട്ട്
1538762
Wednesday, April 2, 2025 2:00 AM IST
പാലക്കാട്: കണ്ടുപഠിച്ച് ഉപയോഗപ്പെടുത്തുന്ന രീതിയിലായിരിക്കണം പ്രദർശന വിപണനമേളയെന്നു വൈദ്യുതിമന്ത്രി കെ. കൃഷ്ണൻകുട്ടി. സംസ്ഥാന മന്ത്രിസഭയുടെ നാലാം വാർഷികാഘോഷത്തിന്റെ ഭാഗമായി ജില്ലയിൽ നടക്കുന്ന ’എന്റെ കേരളം’ പ്രദർശനവിപണനമേളയുടെ ജില്ലാതല സംഘാടക സമിതി രൂപീകരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
പരന്പരാഗത രീതിയിൽ മാത്രമല്ല സങ്കേതിക വിദ്യയുടെ സാധ്യതകൾ കൂടി ഉപയോഗിച്ചു കൊണ്ടുള്ള വികസന പ്രവർത്തനങ്ങളുടെ അവിഷ്ക്കാര രീതികൾ, ലൈവ്ഡെമോണ്സ്ട്രേഷൻ എന്നിവ ഉൾപ്പെടുത്തിയുള്ളതാവണം പ്രദർശന വിപണമേളയെന്നു യോഗത്തിൽ അധ്യക്ഷതവഹിച്ച മന്ത്രി എം.ബി രാജേഷ് പറഞ്ഞു.
സർക്കാരിന്റെ വികസന ക്ഷേമ പ്രവർത്തനങ്ങളും നേട്ടങ്ങളും വിളിച്ചോതുന്ന പ്രദർശന വിപണമേള മേയ് നാലുമുതൽ പത്തുവരെ സ്റ്റേഡിയം മുൻസിപ്പൽ ബസ് സ്റ്റാൻഡിനു സമീപത്തെ മൈതാനത്തു നടക്കും. വാർഷികത്തോടനുബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ മേയ് അഞ്ചിനു ജില്ലാതല യോഗവും എട്ടിന് മേഖല അവലോകനയോഗവും നടക്കും. ജില്ലാ പഞ്ചായത്ത് ഹാളിൽ നടന്ന ജില്ലാതല സംഘടക സമിതി രൂപീകരണ യോഗത്തിൽ എംഎൽഎമാരായ പി.പി. സുമോദ്, കെ.ഡി. പ്രസേനൻ, കെ. ബാബു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനു മോൾ, ജില്ലാ കളക്ടർ ജി പ്രിയങ്ക, ജില്ലാ പോലീസ് മേധാവി അജിത് കുമാർ, എഡിഎം കെ. മണികണ്ഠൻ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ പ്രിയ കെ. ഉണ്ണികൃഷ്ണൻ, അസിസ്റ്റന്റ് ഇൻഫർമേഷൻ ഓഫീസർ നീർജ ജേക്കബ്, മറ്റു വകുപ്പുമേധാവികൾ പങ്കെടുത്തു.