യുവാവിനെ വീട്ടിൽകയറി ആക്രമിച്ച പ്രതികൾക്കു തടവും പിഴയും
1539399
Friday, April 4, 2025 1:50 AM IST
മണ്ണാർക്കാട്: ലഹരിക്കച്ചവടത്തിനെതിരേ പ്രതികരിച്ച യുവാവിനെ വീട്ടിൽകയറി ആക്രമിച്ച സംഭവത്തിൽ പ്രതികൾക്കു തടവും പിഴയും ശിക്ഷ. 2023 ജൂലൈ ഏഴിനാണ് കേസിനാസ്പദമായ സംഭവം നടന്നത്.
കോട്ടായി പരുത്തിപ്പുള്ളി പണ്ടാരകാട് കോളനിയിൽ ലഹരിവില്പന നടത്തിയ പ്രതികൾക്കെതിരേ ശിവപ്രസാദ് പ്രതികരിച്ചിരുന്നു. ഇതിൽ പ്രതിഷേധിച്ച് പ്രതികളായ പെരിങ്ങോട്ടുകുറിശി സുരേഷ്കുമാർ, കുണ്ടുകാട് രാഗേഷ് എന്നിവർ ശിവപ്രസാദിനെ വീട്ടിൽകയറി അക്രമിച്ചുവെന്നാണ് കേസ്.
പ്രതികൾക്കെതിരേ ഒരുവർഷവും മൂന്നുമാസവും തടവിനും 4000 രൂപ പിഴ അടക്കുവാനും മണ്ണാർക്കാട് എസ്സി എസ്ടി സ്പെഷ്യൽ കോടതി ജഡ്ജ് ജോമോൻ ജോൺ വിധിച്ചു.
അന്നത്തെ ആലത്തൂർ ഡിവൈഎസ്പി ആർ. അശോകനാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്.