നെന്മാറ-വല്ലങ്ങി വേല നാളെ ; ഇന്നു സാമ്പിൾ വെടിക്കെട്ട്, ആനച്ചമയ പ്രദർശനം
1538763
Wednesday, April 2, 2025 2:00 AM IST
നെന്മാറ: നെന്മാറ- വല്ലങ്ങി വേലയോടനുബന്ധിച്ചു നെന്മാറ ദേശത്ത് വലിയ കുമ്മാട്ടിയും കരിവേലയും ആഘോഷിച്ചു. ഇന്ന് ആണ്ടിവേല നടക്കും.
വല്ലങ്ങിയിൽ നടന്നുവന്ന കണ്യാർകളി സമാപിച്ചു. ഇന്നു താലപ്പൊലി ആഘോഷിക്കും.
തുടർന്ന് ഇരുദേശങ്ങളിലും രാത്രി ഏഴിനുശേഷം സാമ്പിൾ വെടിക്കെട്ടു നടത്തും. നാളെയാണ് നെന്മാറ- വല്ലങ്ങി വേല.
ഉത്സവത്തിനുള്ള അവസാനവട്ട തയാറെടുപ്പുകൾ തകൃതിയായി നടന്നുവരികയാണ്. ഇന്നുരാത്രി നടത്തുന്ന സാംപിൾ വെടിക്കെട്ടിനുള്ള ഒരുക്കം തുടങ്ങി.
ഇരുദേശത്തും നാലു ദിവസത്തെ പറയെടുപ്പും ആരംഭിച്ചു. ഇന്നു വൈകിട്ടു നടത്തുന്ന ആനച്ചമയ പ്രദർശനത്തിനുള്ള ഒരുക്കം പൂർത്തിയായി. നെന്മാറയുടെ ആനച്ചമയപ്രദർശനം മന്ദം ശ്രീലക്ഷ്മി ഓഡിറ്റോറിയത്തിലും വല്ലങ്ങിയുടേതു ശിവക്ഷേത്രഹാളിലുമാണ് ഒരുക്കുന്നത്.
ദീപാലംകൃതമായ ആനപ്പന്തലുകളുടെ പ്രദർശനത്തിനുള്ള അവസാനഘട്ട ജോലികൾ പൂർത്തിയാക്കി പരിശോധനകൾ നടത്തിവരികയാണ്.
ഇന്നും വേലദിവസവും പിറ്റേന്നും പന്തലിലെ ദീപാലങ്കാര പ്രദർശനമുണ്ടായിരിക്കും. വല്ലങ്ങി വാദ്യകലാസംഘ ത്തിന്റെ പാണ്ടിമേളം ഇന്നു വൈകുന്നേരം 5.30ന് നെല്ലിക്കുളങ്ങര ക്ഷേത്രത്തിൽ നടത്തും. വല്ലങ്ങി ശങ്കരനാരായണന്റെ നേത്യത്വത്തിൽ പല്ലശ്ശന സതീഷ്, സുധീഷ്, വിനോദ് നെന്മാറ, ശ്രീനാഥ് ചേരാമംഗലം തുടങ്ങി അന്പതുകലാകാരന്മാർ പങ്കെടുക്കും.