കൊപ്പം പോലീസ് സ്റ്റേഷൻ കെട്ടിടനിർമാണം ആരംഭിച്ചു
1538765
Wednesday, April 2, 2025 2:00 AM IST
ഷൊർണൂർ: കൊപ്പം പോലീസ് സ്റ്റേഷന് വേണ്ടിയുള്ള കെട്ടിടനിർമാണ പ്രവൃത്തികൾ തുടങ്ങി. പട്ടാമ്പി പോലീസ് സ്റ്റേഷൻ വിഭജിച്ചാണ് കൊപ്പം പോലീസ് സ്റ്റേഷൻ വരുന്നത്. മൂന്നുകോടിരൂപ ചെലവഴിച്ചാണ് പുതിയകെട്ടിടം നിർമിക്കുന്നത്. ഇതിന്റെ ഭാഗമായി കെട്ടിടംനിർമിക്കാൻ കണ്ടെത്തിയ സ്ഥലത്തെ മണ്ണുനീക്കാൻ തുടങ്ങി. അടുത്തയാഴ്ചയോടെ കെട്ടിടനിർമാണവും തുടങ്ങും.
കൊപ്പം-വളാഞ്ചേരി പാതയിൽ പുലാശേരി എൽപി സ്കൂളിനുമുൻവശത്തെ 50 സെന്റ് സ്ഥലത്താണ് കെട്ടിടം നിർമിക്കുന്നത്. റവന്യൂവകുപ്പിന്റെ ഉടമസ്ഥതയിലുള്ള ഈ സ്ഥലം ആഭ്യന്തരവകുപ്പിന് കൈമാറിയശേഷമാണ് നിർമാണം തുടങ്ങുന്നത്.2017 ലെ സംസ്ഥാന ബജറ്റിലാണ് കൊപ്പം പോലീസ് സ്റ്റേഷൻ തുടങ്ങാൻ അനുമതിയായത്. 2018-ൽ കരിങ്ങനാട്ടുള്ള വാടകക്കെട്ടിടത്തിൽ സ്റ്റേഷൻ പ്രവർത്തനം തുടങ്ങി.
ഇതോടൊപ്പം സ്വന്തംകെട്ടിടം നിർമിക്കാനുള്ള തുകയും ബജറ്റിൽ അനുവദിച്ചിരുന്നു. എന്നാൽ അനുയോജ്യമായ സ്ഥലം ലഭ്യമാവാത്തതിനാൽ തുടർനടപടി നീളുകയായിരുന്നു. റവന്യുവകുപ്പിന്റെ സ്ഥലം 2022 ലാണ് ആഭ്യന്തരവകുപ്പിന് വിട്ടുനൽകിയത്. ഇതിന്റെ നടപടിക്രമങ്ങൾക്കും കാലതാമസമുണ്ടായി. സ്ഥലത്ത് കെട്ടിടംവരുന്നതുമായി ബന്ധപ്പെട്ട പരാതികളും ഉയർന്നിരുന്നു. ഇതെല്ലാം പരിഹരിച്ചാണ് ഇപ്പോൾ പണിതുടങ്ങിയത്. പൊതുമരാമത്ത് വകുപ്പിന്റെ കെട്ടിടവിഭാഗത്തിനാണ് നിർമാണച്ചുമതല. ആധുനിക സൗകര്യങ്ങളോടുകൂടിയ കെട്ടിടമാണ് യാഥാർഥ്യമാക്കുന്നതെന്ന് മുഹമ്മദ് മുഹ്സിൻ എംഎൽഎ പറഞ്ഞു.