അഖിലേന്ത്യാ വോളിബോൾ മത്സരം നാളെ കോരഞ്ചിറയിൽ
1539397
Friday, April 4, 2025 1:50 AM IST
വടക്കഞ്ചേരി: കോരഞ്ചിറ സൗഹൃദ ചാരിറ്റബിൾ സൊസൈറ്റി സംഘടിപ്പിക്കുന്ന അഖിലേന്ത്യാ വോളിബോൾമത്സരം നാളെ നടക്കും.
വൈകുന്നേരം അഞ്ചിന് കോരഞ്ചിറയിലെ ഫ്ലഡ് ലൈറ്റ് കോർട്ടിൽ നടക്കുന്ന മത്സരങ്ങൾ അർജുന അവാർഡ് ജേതാവും ഇന്ത്യൻ വോളിബോൾ ടീമിന്റെ മുൻ ക്യാപ്റ്റനുമായ ടോം ജോസഫ് ഉദ്ഘാടനം ചെയ്യും.
തദവസരത്തിൽ സൗഹൃദ ചാരിറ്റബിൾ സൊസൈറ്റി ഓഫീസിന്റെ ഉദ്ഘാടനം മുൻമന്ത്രി കെ.ഇ. ഇസ്മയിൽ നിർവഹിക്കും. ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം മുൻമന്ത്രി വി.സി. കബീർ മാസ്റ്ററും നിർവഹിക്കും.
കിഴക്കഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് കവിത മാധവൻ അധ്യക്ഷയാകും. ലഹരിവിരുദ്ധ കാമ്പയിനിന്റെ ഉദ്ഘാടനം വടക്കഞ്ചേരി പോലീസ് സർക്കിൾ ഇൻസ്പെക്ടർ കെ.പി. ബെന്നി നിർവഹിക്കും.
രാജ്യത്തെ വിവിധ ഡിപ്പാർട്ട്മെന്റുകളിലെ പ്രമുഖ ടീമുകളാണ് മാറ്റുരക്കുന്നത്.
ഞായറാഴ്ച പുലർച്ചെവരെ മത്സരങ്ങളുണ്ടാകും.
മത്സരങ്ങൾക്ക് തുടക്കംകുറിച്ച് മമ്പാട് വോളി ക്ലബിന്റെ നേതൃത്വത്തിൽ വനിതാടീമുകളെ ഉൾപ്പെടുത്തി പ്രദർശന മത്സരമുണ്ടാകുമെന്നും സൗഹൃദ ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
സൊസൈറ്റി പ്രസിഡന്റ് എൽദോസ് മാത്യു, സെക്രട്ടറി കെ.എൻ. ഫൈസൽ, ട്രഷറർ എസ്. അബ്ദുൾ റഷീദ്, കെ.കെ. മത്തായി, അഡ്വ. ബിജു ലാസർ, ജിനേഷ് പൗലോസ്, ബൈജു പോൾ എന്നിവർ പങ്കെടുത്തു.