തൊഴിൽ വാഗ്ദാനം നൽകിയുള്ള തട്ടിപ്പിൽ വീഴരുതെന്ന് അധികൃതരുടെ മുന്നറിയിപ്പ്
1539666
Saturday, April 5, 2025 1:01 AM IST
പാലക്കാട്: വ്യാജ വെബ്സൈറ്റ് ജോബ് പ്ലാറ്റ്ഫോമുകൾ, സോഷ്യൽ മീഡിയ എന്നിവയിലൂടെ വ്യാജ തൊഴിൽ പരസ്യം നൽകി തൊഴിൽതട്ടിപ്പ് നടത്തുന്ന സംഭവത്തിൽ ജാഗ്രത വേണമെന്ന് അധികൃതർ. ജനപ്രിയ ജോബ് പോർട്ടലിലെ ജോബ് കണ്‍സൾട്ടന്റായി ചമഞ്ഞ് സിവി ഇഷ്ടപ്പെട്ടെന്ന പേരിൽ വിളിച്ച് തട്ടിപ്പിൽ വീഴ്ത്തുന്നതായ പരാതികൾ വർധിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്. വിസ ഫീസ്, യാത്ര ചെലവ് ഉൾപ്പെടെ സൗജന്യ വാഗ്ദാനങ്ങൾ നൽകും. ഇര വീണാൽ ഇന്റർവ്യൂ ഷെഡ്യൂൾ ചെയ്യാൻ സെക്യൂരിറ്റി ഡെപ്പോസിറ്റ് ഫീസ് അടയ്ക്കാൻ ആവശ്യപ്പെടും. വ്യാജ അഭിമുഖം നടത്തി ജോലിക്ക് തെരഞ്ഞെടുക്കും. നിയമന ഉത്തരവ് വരെ അയക്കും. പല പേരുകളിൽ പണം വാങ്ങും. ജോലി മാത്രം ലഭിക്കില്ല.
ജോലി ലഭിക്കുന്നതിന് മുന്‍പ് എന്തെങ്കിലും കരാറിൽ ഒപ്പിടേണ്ടി വരികയാണെങ്കിൽ അത് വിശദമായി വായിച്ച് നിയമോപദേശം തേടണം. വിശ്വസനീയമായ തൊഴിൽ പോർട്ടലുകൾ വഴി ജോലി തേടുന്നത് സുരക്ഷിതമാണ്. തട്ടിപ്പിനിരയായെന്ന് സംശയിക്കുന്നുവെങ്കിൽ ഉടൻതന്നെ സൈബർ ക്രൈം പോലീസിൽ പരാതി നൽകണം. ഇന്ത്യയിൽ 1930 എന്ന സൈബർ ലൈൻ നന്പറിലേക്ക് വിളിക്കാം. വീട്ടിലിരുന്ന് ലക്ഷങ്ങൾ സന്പാദിക്കാം പോലുള്ള അമിത വാഗ്ദാനങ്ങൾ പലപ്പോഴും തട്ടിപ്പിന്റെ ലക്ഷണമാണ്. യഥാർത്ഥ ജോലി ദാതാക്കൾ സാധാരണയായി ഇത്തരം പണം ആവശ്യപ്പെടാറില്ലെന്നും അധികൃതർ അറിയിച്ചു.