അരുണാചൽപ്രദേശിലേക്കും മലയാളികളുടെ പ്രവാഹം
1539046
Thursday, April 3, 2025 1:33 AM IST
വടക്കഞ്ചേരി: വിനോദ സഞ്ചാരികളായി ചൈനാഅതിർത്തിയിലുള്ള അരുണാചൽ പ്രദേശിലേക്കും മലയാളികളുടെ ഒഴുക്ക്. തണുപ്പും മഴയും കുറവുള്ള ഈ മാസങ്ങളിലാണ് മലയാളികൾ ഉൾപ്പെടെയുള്ളവർ അരുണാചലിലേക്ക് കൂടുതലായി പോകുന്നത്.
ഇരുചക്ര വാഹനങ്ങളിൽവരെ കേരളത്തിൽ നിന്നുള്ള യുവാക്കൾ അരുണാചൽ പ്രദേശിലേക്കു യാത്രചെയ്യുന്നുണ്ട്. സഞ്ചാരികളെ അദ്ഭുതപ്പെടുത്തുന്ന കാഴ്ചകളൊന്നുമില്ലെങ്കിലും പ്രകൃതിമനോഹാരിതയും ഗ്രാമഭംഗിയുമാണ് പ്രഭാതസൂര്യന്റെ നാട് എന്നറിയപ്പെടുന്ന അരുണാചലിനെ യാത്രികരുടെ ഇഷ്ടവിനോദകേന്ദ്രമാക്കുന്നത്.
ടൂറിസ്റ്റുകൾക്കും വലിയ സൗകര്യങ്ങളും ഒരുക്കുന്നുണ്ട്. ഇന്ത്യയിലെ ഏറ്റവും കിഴക്കേ അറ്റത്തുള്ള സംസ്ഥാനം എന്ന നിലയിൽ അരുണാചലിൽ പുലർച്ചെ നാലരയ്ക്ക് ഒരുദിവസം തുടങ്ങും.
ഈ സമയമാകുമ്പോഴേക്കും പ്രഭാത വെളിച്ചമായി സൂര്യന്റെ വരവുതുടങ്ങും. വൈകീട്ട് അഞ്ചുമണിയോടെ ഇരുട്ടാകും. സമുദ്രനിരപ്പിൽ നിന്നും 4000 അടി ഉയരമുള്ള മലകളുടെ നാടായ അരുണാചലിൽ അറുപതു ശതമാനവും വനഭൂമിയാണ്. ഇതിനാൽ വർഷത്തിൽ ഒമ്പതുമാസവും മഴലഭിക്കുന്ന പ്രദേശം കൂടിയാണ്.
ഒരുപക്ഷെ, ഓർക്കിഡ് ചെടികൾ ഏറ്റവും കൂടുതൽ കാണപ്പെടുന്നതും നന്നേ ജനസംഖ്യ കുറഞ്ഞ ഈ നാട്ടിലാണ്.
നാംസായി തുടങ്ങി ചില പ്രത്യേക ടൂറിസ്റ്റ് ഡെസ്റ്റിനേഷനുകളിൽ തെളിനീർപ്പോലെ ഒഴുകുന്ന പുഴകളിലാണ് ഇരിപ്പിടങ്ങൾ ഒരുക്കിയിട്ടുള്ളതെന്ന് അയൽസംസ്ഥാനമായ ആസമിൽ കുടുംബസമേതം സ്കൂളുകൾ നടത്തുന്ന കിഴക്കഞ്ചേരി കോരഞ്ചിറ പട്ടേംപാടം സ്വദേശി മുല്ലമംഗലം ബേബി പറഞ്ഞു.
അരുണാചലിൽ ഇടയ്ക്കിടെ പോകുന്ന സന്ദർശകരാണ് ബേബിയും കുടുംബവും. അത്യാവശ്യം താമസസൗകര്യങ്ങളും പുഴയിൽ തന്നെയുണ്ട്. ജലനിരപ്പുകുറഞ്ഞ പുഴകളിലെല്ലാം ഇങ്ങനെയാണ്.
സിമന്റ് ബെഞ്ചുകളാണ് പുഴയിലെ ഇരിപ്പിടങ്ങൾ. എത്ര ശക്തിയിൽ മഴവെള്ളത്തിന്റെ ഒഴുക്കുണ്ടായാലും ഇതൊന്നും ഒഴുകി പോവുകയോ നശിക്കുകയോ ഇല്ലെന്നതും ശ്രദ്ധേയമാണ്.
കേരളത്തിൽ പുഴയിൽ തടയണ നിർമിച്ചാൽ രണ്ടോമൂന്നോ വർഷംകൊണ്ട് തകരുമ്പോഴാണ് വലിയ വികസിത നാടൊന്നുമല്ലാത്ത അരുണാചൽ പ്രദേശിൽ എൻജിനീയറിംഗ് സംവിധാനം മേൽത്തരമായി നിൽക്കുന്നത്. കേരളത്തിലേതുപോലെ നെൽകൃഷി തന്നെയാണ് അരുണാചലിലെ മുഖ്യകൃഷി.
ഗോതമ്പ്, ഉരുളക്കിഴങ്ങുകൃഷിയും ആപ്പിൾ ഓറഞ്ചും ഇവിടെ വിളയുന്നു. കടുകുകൃഷിയും പച്ചക്കറികൃഷിയും കൂടുതൽ പ്രദേശങ്ങളിലുണ്ട്. മലകളുടെ സംരക്ഷണവലയത്തിൽ ഫലഭൂയിഷ്ടമായ മണ്ണാണ് വിളകൾക്ക് കരുത്താകുന്നത്.
രാസവള പ്രയോഗവും കീടനാശിനികളും അപൂർവമായി മാത്രമെ ഉപയോഗിക്കൂ. പച്ചക്കറികളും ഇലക്കറികളുമാണ് ഭക്ഷണത്തിലും കൂടുതലും. ഇതിനാൽ പൊണ്ണത്തടിയന്മാർ വളരെക്കുറവാണ്.
മത്സ്യമാംസാഹാരമെല്ലാം കുറച്ചുമാത്രമെ ഇവരുടെ ഭക്ഷണശീലങ്ങളിലുള്ളു. തനിനാടൻ മാടുകളെ വളർത്തി ഉപജീവനമാർഗം കണ്ടെത്തുന്നവരാണ് ഗ്രാമവാസികൾ.
ഭൂചലന പ്രദേശങ്ങളായതിനാൽ വലിയ വീടുകളും അപൂർവമാണ്.
മുളങ്കാലുകൾകൊണ്ടുകെട്ടിയ ചെറിയ വീടുകളാണ് കൂടുതലും. അരുണാചൽ പ്രദേശിൽനിന്നും തൊഴിൽതേടി കേരളത്തിൽ എത്തുന്നവരും കുറവല്ല. കേരളത്തിലെ വമ്പൻ വീടുകളും കാർ ഉൾപ്പെടെയുള്ള സൗകര്യങ്ങളും വലിയ കൗതുകത്തോടെയാണ് അവർ നോക്കിക്കാണുന്നതെന്നു ബേബി പറഞ്ഞു.