വോളിബോൾ ക്യാമ്പിന് തുടക്കം; പരിശീലനം ലഹരിയാക്കി പാലക്കയത്തെ കുട്ടികൾ
1538764
Wednesday, April 2, 2025 2:00 AM IST
പാലക്കയം: വേനൽ അവധിക്കാലം ആരംഭിച്ചതോടെ പാലക്കയത്ത് കുട്ടികൾക്കായുള്ള വോളിബോൾക്യാമ്പിന് തുടക്കമായി. കായികപരിശീലനമാണ് ലഹരിയെന്ന് കുട്ടിക്കൂട്ടം ഒന്നടങ്കം ഏറ്റുപറഞ്ഞു. ലഹരിവിമുക്ത യുവത്വം, കരുതലുള്ള സമൂഹം എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ചുകൊണ്ടാണ് സൗജന്യ വോളിബോൾ ക്യാമ്പിന് യൂത്ത് കോൺഗ്രസ് തച്ചമ്പാറ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പാലക്കയത്ത് വോളിബോൾ പരിശീലനം ആരംഭിച്ചത്.
പരിശീലനപരിപാടി തച്ചമ്പാറ പഞ്ചായത്ത് പ്രസിഡന്റ് നൗഷാദ് ബാബു ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സച്ചു ജോസഫ് അധ്യക്ഷത വഹിച്ചു. പാലക്കയം സെന്റ് മേരീസ് പള്ളി വികാരി ഫാ. ചെറിയാൻ ആഞ്ഞിലിമൂട്ടിൽ, മണ്ണാർക്കാട് ബ്ലോക്ക് പഞ്ചായത്ത് അംഗം പി.വി. കുര്യൻ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് റിയാസ് തച്ചമ്പാറ, സഹകരണബാങ്ക് പ്രസിഡന്റ് കെ. രാമചന്ദ്രൻ, ബെറ്റി ലോറൻസ്, കെ. കൃഷ്ണൻകുട്ടി, കെ.എം. പോൾ, ഷാജു പഴുക്കാത്തറ തുടങ്ങിയവർ നേതൃത്വം നൽകി.
12 വരെ എല്ലാദിവസവും 7മുതൽ 12 വരെയാണ് പരിശീലനം. ജില്ലാ സ്പോർട്സ് കൗൺസിൽ കോച്ച് ടോമി മാളിയേക്കലാണ് പരിശീലനത്തിന് നേതൃത്വം നൽകുന്നത്. കുട്ടികളെ സമൂഹത്തിലേയ്ക്ക് എത്തിക്കാനും കായികഅഭ്യാസത്തിലൂടെ ഒരുമയിലേയ്ക്ക് നയിക്കാനും ഉദ്ദേശിച്ചുള്ളതാണ് ഈ ക്യാമ്പ്.