35 പ്ലാസ്റ്റിക് ചാക്കുകളിൽ സാജു വിളവെടുത്തതു 150 കിലോ ഇഞ്ചി
1539396
Friday, April 4, 2025 1:50 AM IST
ഫ്രാൻസിസ് തയ്യൂർ
വടക്കഞ്ചേരി: കൃഷി ചെയ്യാൻ വീട്ടിൽ സ്ഥലമില്ല, പണമില്ല എന്നൊക്കെ ചിന്തിച്ച് ആരും വിഷമിക്കേണ്ട. കണിയമംഗലം തട്ടാംപടവ് പുത്തൻപുരയിൽ സാജുവിന്റെ കൃഷിരീതി പിന്തുടർന്നാൽ മതി.
കുറഞ്ഞചെലവിൽ അധികവരുമാനമുണ്ടാക്കാം. വീട്ടിലേക്കു എന്തെങ്കിലുമൊക്കെ വാങ്ങിക്കൊണ്ടുവരുന്ന പ്ലാസ്റ്റിക് ചാക്കുകളാണ് സാജുവിന്റെ കൃഷിക്കുള്ള ഗ്രോ ബാഗുകൾ. ഇതിൽ മണ്ണും ചാണകപ്പൊടിയും കൂട്ടിക്കലർത്തിയാണ് ഇഞ്ചികൃഷി.
വീട്ടിൽ കോഴിവളർത്തലുണ്ടെങ്കിൽ അതിന്റെ കാഷ്ടവും കൂട് അടിച്ചു വൃത്തിയാക്കിയുള്ള വേസ്റ്റും കുമ്മായവും മണ്ണിൽകലർത്തി കൃഷിചെയ്താൽ വിളവ് പിന്നേയും കൂടുമെന്നു സാജു സാഷ്യപ്പെടുത്തുന്നു. 35 പ്ലാസ്റ്റിക് ചാക്കുകളിലായിരുന്നു സാജുവിന്റെ ഇഞ്ചികൃഷി.
വിളവെടുപ്പ് നടത്തിയപ്പോൾ 150 കിലോയ്ക്കടുത്തു ഇഞ്ചി കിട്ടി. ഒരുപ്ലാസ്റ്റിക് ചാക്കിൽനിന്നുതന്നെ മൂന്നുകിലോ വരെയാണ് ഇഞ്ചി വിളഞ്ഞത്. ഒരുതുണ്ട് ഇഞ്ചി വച്ചതിൽനിന്നും 55 ചെനപ്പുകൾവരെ വളർന്നിരുന്നതായി സാജു പറഞ്ഞു.
ഇതുകണ്ടപ്പോൾതന്നെ വിളവിന്റെകനം സാജു കണക്കുകൂട്ടിയിരുന്നു. സാധാരണ പറമ്പിൽ കൃഷിചെയ്യുന്ന ഇഞ്ചിമൂടിൽ 30 വരെ ചെനപ്പുകളേ ഉണ്ടാകാറുള്ളു. നാടൻഇഞ്ചിയാണ് സാജു കൃഷിചെയ്തത്.
വീട്ടുമുറ്റത്ത് വീട്ടിൽനിന്നുള്ള സ്റ്റെപ്പുകൾക്ക് താഴെയായിട്ടായിരുന്നു ഇഞ്ചി കൃഷിയുടെ പ്ലാസ്റ്റിക് ചാക്കുകൾ വച്ചിരുന്നത്. ഇതിനാൽ വേറെ സ്ഥലവും മാറ്റിവയ്ക്കേണ്ടി വന്നില്ല. കൃഷിയിടത്തിൽ വിസ്മയം തീർക്കുന്ന കർഷകനാണ് അറുപതുവയസു പിന്നിട്ട സാജു.
14 വർഷം മുമ്പ് സമ്മിശ്രകൃഷിക്കുള്ള ബ്ലോക്കിലെ ആത്മ അവാർഡും സാജുവിനു ലഭിച്ചിരുന്നു. വിളകളുടെ വൈവിധ്യത്തിനൊപ്പം അനുബന്ധ മേഖലകളിലെ മികവുകളാണ് സാജുവിനെ മികച്ച കർഷകനാക്കുന്നത്.
കൃഷിയിൽ താത്പര്യമുള്ളവർ സാജുവിന്റെ തോട്ടംകണ്ടാൽ പിന്നെ കണ്ടുമതിവരില്ല. തെങ്ങാണ് പ്രധാനവിള. ഇതിനിടയിൽ നിത്യഹരിതവനം പോലെ ജാതിമരങ്ങളും കവുങ്ങും വാഴയും പഴവർഗങ്ങളും മറ്റും നിറഞ്ഞുനിൽക്കുന്നു.
വിളകൾ ഏറെയുണ്ടെങ്കിലും നാലരയേക്കർ തോട്ടത്തിലെ പണികൾക്കു വല്ലപ്പോഴും മാത്രമേ പണിക്കാരുണ്ടാകു. സാജുവും ഭാര്യയും മിനിയുമാണ് പണിക്കാരും ഉടമകളുമൊക്കെ.