അറിവാണെന്റെ ലഹരി; ആഘോഷമായി റിഥം 2025
1539048
Thursday, April 3, 2025 1:33 AM IST
പാലക്കാട്: അറിവാണെന്റെ ലഹരി എന്ന സന്ദേശവുമായി കുമരപുരം ഗവ. ഹയർസെക്കൻഡറി സ്കൂളിൽ റിഥം 2025 ആഘോഷിച്ചു. സാംസ്കാരിക സദസ് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് എം. ശ്രീനേഷ് അധ്യക്ഷനായി.
വിരമിക്കുന്ന പ്രിൻസിപ്പൽ എസ്. സുജിത്, ഹയർസെക്കൻഡറി അധ്യാപകൻ ഡോ.എം.കെ. ബാലകൃഷ്ണൻ എന്നിവർക്കു യാത്രയയപ്പ് നൽകി. പ്രിൻസിപ്പലായി പ്രൊമോഷൻ ലഭിച്ച പ്രധാനാധ്യാപിക കെ.വി. ചിന്നു, ജനമൈത്രി പോലീസ് ബീറ്റ് ഓഫീസർ കെ. സുധീർ എന്നിവരെയും വിവിധമേഖലകളിൽ മികവുതെളിയിച്ച വിദ്യാർഥികളെയും അനുമോദിച്ചു.
എക്സൈസ് ഡെപ്യൂട്ടി കമീഷണർ വൈ. ഷിബു ലഹരിവിരുദ്ധസന്ദേശം നൽകി. എസ്എസ്കെ ജില്ലാ പ്രോഗ്രാം ഓഫീസർ എം.ആർ. മഹേഷ്കുമാർ, മദർ പിടിഎ പ്രസിഡന്റ് ഷിംന അനൂപ്, എസ്എംസി ചെയർമാൻ ഗിരീഷ്കുമാർ, ഒഎസ്എ സെക്രട്ടറി ജിയോ പോൾ, അധ്യാപിക ശ്രീകല എന്നിവർ പ്രസംഗിച്ചു. നജ്മ ലഹരി വിരുദ്ധ നാടകം അവതരിപ്പിച്ചു.