ഒരിടവേളയ്ക്കുശേഷം ഒറ്റപ്പാലത്തു വീണ്ടും ഗതാഗതക്കുരുക്ക്
1539402
Friday, April 4, 2025 1:50 AM IST
ഒറ്റപ്പാലം: ഒരിടവേളക്കുശേഷം ഒറ്റപ്പാലത്ത് വീണ്ടും രൂക്ഷമായ ഗതാഗതക്കുരുക്ക്. കനത്തചൂട് നിലനിൽക്കുന്ന സാഹചര്യംകൂടി കണക്കിലെടുക്കാതെ വാഹനയാത്രക്കാർ കൂട്ടത്തോടെ നിരത്തിലിറങ്ങിയതാണ് നഗരം ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടുന്നതിനു കാരണമായത്.
ബസുകളുടെ സമയക്രമം പോലും താളംതെറ്റുന്ന നിലയിലായിരുന്നു കുരുക്കു മുറുകിയത്. കുരുക്ക് ഒഴിവാക്കാൻ ലക്ഷ്യമിട്ടു പോലീസ് ഏർപ്പെടുത്തിയ പാർക്കിംഗ് ക്രമീകരണവും ഫലംകണ്ടില്ല.
ടൗണിലെ ആറുകേന്ദ്രങ്ങളിലാണു സ്വകാര്യവാഹനങ്ങളുടെ പാർക്കിംഗിനു താൽക്കാലിക സൗകര്യമുള്ളത്. രാവിലെയും വൈകിട്ടുമാണു നഗരത്തിൽ കുരുക്കു മുറുകുന്നത്.
ഈസ്റ്റ് ഒറ്റപ്പാലംമുതൽ കണ്ണിയംപുറം പാലംവരെ പ്രധാന പാതയിൽ രൂക്ഷമായ ഗതാഗതക്കുരുക്കാണ്. രോഗികളുമായി പോകുന്ന ആംബുലൻസുകൾ പോലും പ്രധാന പാതയിൽ മുന്നോട്ടു നീങ്ങാനാകാതെ കുരുങ്ങുന്നുണ്ട്.
ചില ഘട്ടങ്ങളിൽ വരിയിൽ കാത്തുനിന്നു ബസുകളുടെ സമയക്രമം തെറ്റി ട്രിപ്പുകൾ മുടങ്ങുന്ന അവസ്ഥയാണ്. ആർഎസ് റോഡിലും ടിബി റോഡിലുമെല്ലാം ഇതേ അവസ്ഥ തന്നെയാണുള്ളത്.