മണ്ണാർക്കാട് നഗരം കാമറനിരീക്ഷണത്തിൽ
1539047
Thursday, April 3, 2025 1:33 AM IST
മണ്ണാർക്കാട്: കുന്തിപ്പുഴമുതൽ നെല്ലിപ്പുഴവരെ 46 കാമറകൾ സ്ഥാപിച്ച് സുരക്ഷതീർക്കുന്ന മണ്ണാർക്കാട് നഗരസഭയുടെ പുതിയ പദ്ധതി യാഥാർഥ്യത്തിൽ.
നഗരസഭ വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തി 65 ലക്ഷം രൂപ ചെലവഴിച്ചു സ്ഥാപിച്ച കാമറകളുടെ ഉദ്ഘാടനം മണ്ണാർക്കാട് എംഎൽഎ അഡ്വ.എൻ. ഷംസുദ്ദീൻ നിർവഹിച്ചു.
നഗരസഭാ ചെയർമാൻ സി. മുഹമ്മദ് ബഷീർ അധ്യക്ഷനായി. നഗരസുരക്ഷ ലക്ഷ്യമിട്ടു നെല്ലിപ്പുഴമുതൽ കുന്തിപ്പുഴവരെ നാലു എഎൻപിആർ കാമറകൾ ഉൾപ്പെടെ 46 കാമറകളാണ് സ്ഥാപിച്ചിട്ടുള്ളത്.
ഓരോ പോക്കറ്റ് റോഡുകളിൽനിന്നും മണ്ണാർക്കാട് നഗരത്തിലേക്കു പ്രവേശിക്കുന്നതും തിരിച്ചുപോകുന്നതും ഉൾപ്പെടെ റെക്കോർഡ് ചെയ്യപ്പെടും. ദൃശ്യങ്ങൾ തത്സമയം മണ്ണാർക്കാട് നഗരസഭയിലും പോലീസ് സ്റ്റേഷനിലും ലഭിക്കും.
ജില്ലാ എഎസ്പി ഹരിദാസ് മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്ത് മെംബർ ഗഫൂർ കോൽക്കളത്തിൽ, നഗരസഭാ സ്ഥിരംസമിതി അധ്യക്ഷരായ ബാലകൃഷ്ണൻ, മാസിത സത്താർ, ഷെഫീക്ക് റഹ്്മാൻ, നഗരസഭാ കൗൺസിലർമാർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, നഗരസഭാ വൈസ് ചെയർപേഴ്സൺ പ്രസീത, നഗരസഭാ സെക്രട്ടറി സതീഷ് കുമാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.