ഇപിഎഫ് പെൻഷൻകാർക്കു സാമൂഹികക്ഷേമ പെൻഷൻ; സർക്കാർ പരിശോധിക്കണമെന്നു കമ്മീഷൻ
1539057
Thursday, April 3, 2025 1:33 AM IST
തൃശൂർ: പൊതുമേഖലാ സ്ഥാപനങ്ങളിൽനിന്നു വിരമിച്ച ഇപിഎഫ് പെൻഷൻ കൈപ്പറ്റുന്നവർക്കും നിശ്ചിതപരിധിക്കു വിധേയമായി പൂർണമായ തോതിൽ സാമൂഹികസുരക്ഷാപെൻഷൻ അനുവദിക്കണമെന്ന ആവശ്യം അഡീഷണൽ ചീഫ് സെക്രട്ടറി (ധനകാര്യം) പരിശോധിക്കണമെന്നു മനുഷ്യാവകാശ കമ്മീഷൻ അംഗം വി. ഗീത.
ഇപിഎഫ് പെൻഷനായി പ്രതിമാസം 3033 രൂപ വാങ്ങുന്നയാൾ തനിക്കു ലഭിക്കുന്ന സാമൂഹികക്ഷേമ പെൻഷൻ 600 രൂപയായി കുറച്ചെന്ന് ആരോപിച്ചു സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്. വലപ്പാട് പഞ്ചായത്ത് സെക്രട്ടറിയിൽനിന്നു കമ്മീഷൻ റിപ്പോർട്ട് വാങ്ങി.
പരാതിക്കാരനായ വലപ്പാട് സ്വദേശി പി.വി. പ്രേമാനന്ദ് ടൈപ്പിസ്റ്റ് വിഭാഗത്തിലാണു ജോലിചെയ്തിരുന്നതെന്നും ഇപിഎഫ് പെൻഷൻ കൈപ്പറ്റുന്നതുകൊണ്ടാണു സാമൂഹികക്ഷേമ പെൻഷൻ കുറവുചെയ്തതെന്നും റിപ്പോർട്ടിൽ പറയുന്നു. സാമൂഹികക്ഷേമ പെൻഷൻ പൂർണതോതിൽ അനുവദിക്കണമെന്ന പരാതിക്കാരന്റെ അപേക്ഷ സർക്കാർ നിരസിച്ചു.
കേന്ദ്ര, സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളിൽനിന്നു വിരമിച്ച എക്സിക്യൂട്ടീവുകൾ, സ്റ്റാഫുകൾ എന്നിവരിൽ നാലായിരം രൂപവരെ ഇപിഎഫ് പെൻഷൻ ലഭിക്കുന്നവർക്കു സാമൂഹിക സുരക്ഷാപെൻഷൻ 600 രൂപ നിരക്കിൽ ലഭിക്കാൻ അർഹതയുണ്ട്. നാലായിരം രൂപയ്ക്കു മുകളിൽ ഇപിഎഫ് പെൻഷൻ ലഭിക്കുന്നവർക്കു സാമൂഹിക സുരക്ഷാ പെൻഷന് അർഹതയില്ല.
സർക്കാർതലത്തിൽ തീരുമാനമെടുക്കേണ്ട വിഷയത്തിൽ കമ്മീഷൻ ഇടപെടുന്നത് അനുചിതമാണെന്ന് ഉത്തരവിൽ പറഞ്ഞു. എന്നിരുന്നാലും വിഷയം നിയമാനുസൃതം പരിശോധിക്കണമെന്നും ഉത്തരവിലുണ്ട്.