കൊടുമുണ്ട ഹാർട്ട് റെയിൽവേ സ്റ്റേഷനും ഇനി ഓർമ
1539398
Friday, April 4, 2025 1:50 AM IST
ഷൊർണൂർ: കൊടുമുണ്ട റെയിൽവേ സ്റ്റേഷൻ ഓർമയായി. റെയിൽവേ ഭൂപടത്തിൽ ഇനി ഈ സ്റ്റേഷനുണ്ടാവില്ല.
കഴിഞ്ഞ ദിവസം റെയിൽവേ സ്റ്റേഷന്റെ പ്ലാറ്റ്ഫോമുകൾ പൊളിച്ചു നീക്കിയതോടെ സ്റ്റേഷൻ പുനരാരംഭിച്ചേക്കാമെന്ന പ്രതീക്ഷയും ഇല്ലാതെയായി. റെയിൽവേ തീരുമാനത്തിലൂടെ ആറു പതിറ്റാണ്ടു മുൻപു മുതുതല പഞ്ചായത്തിനു അനുവദിച്ചുകിട്ടിയ പഞ്ചായത്തിലെ ഏക സ്റ്റേഷനാണ് ഇല്ലാതാകുന്നത്.
പട്ടാമ്പി- പള്ളിപ്പുറം സ്റ്റേഷനുകൾക്കിടയിലെ കൊടുമുണ്ട ഹാൾട്ട് സ്റ്റേഷൻ നിർത്തലാക്കാൻ റെയിൽവേ 2022 ജൂലൈയിൽ തീരുമാനിച്ചതാണ്.
റെയിൽവേ തീരുമാനം വന്നതോടെ സ്റ്റേഷൻ നിലനിർത്തണമെന്ന ആവശ്യവും ശക്തമായിരുന്നു. പഞ്ചായത്തിൽ ചേർന്ന സർവകക്ഷിയോഗം സ്റ്റേഷൻ നിലനിർത്തണമെന്നു റെയിൽവേയോടാവശ്യപ്പെട്ടിരുന്നു. റെയിൽവേ അധികൃതർക്കു എംപി മുഖേന നിവേദനവും നൽകിയിരുന്നു. സ്റ്റേഷനിൽ കമ്മിഷൻ വ്യവസ്ഥയിൽ ടിക്കറ്റ് വിൽക്കാൻ ആളെ കിട്ടാത്തതാണു നിർത്തലാക്കാൻ കാരണമെന്നും ടിക്കറ്റ് വിൽപനയ്ക്ക് ആളെ കിട്ടിയാൽ സ്റ്റേഷൻ പുനരാരംഭിക്കുമെന്നുമാണു അന്നു റെയിൽവേ അറിയിച്ചത്.
കോവിഡ് വ്യാപന സാഹചര്യത്തിൽ 2020 മാർച്ച് 22ന് പാസഞ്ചർ ട്രെയിനുകൾ ഓട്ടം നിർത്തിയതോടെയാണു കൊടുമുണ്ട സ്റ്റേഷന്റെ പ്രവർത്തനം നിലച്ചത്. പിന്നീടു സ്റ്റേഷനിൽ ടിക്കറ്റ് വിൽപനയ്ക്ക് ആളില്ലാതായതോടെ പാസഞ്ചർ വണ്ടികൾ നിർത്താതെയായി.
പുതിയ ആളെ നിയോഗിക്കാൻ റെയിൽവേ പരസ്യം നൽകിയെങ്കിലും ആരും മുന്നോട്ടു വരാത്ത സാഹചര്യത്തിലാണു സ്റ്റേഷൻ അടച്ചുപൂട്ടാൻ റെയിൽവേ 2022 ജൂലൈയിൽ തീരുമാനമെടുത്തത്.
പാസഞ്ചർ വണ്ടികൾക്കും ഒട്ടേറെ യാത്രക്കാരുണ്ടായിരുന്ന സ്റ്റേഷനായിരുന്നു കൊടുമുണ്ട.
പ്ലാറ്റ്ഫോമിൽ യാത്രക്കാർക്കിരിക്കാൻ ഒരുക്കിയിരുന്ന ഏതാനും ഇരിപ്പിടങ്ങളും ടിക്കറ്റ് കൗണ്ടറും കൂടി പൊളിച്ചു മാറ്റുന്നതോടെ കൊടുമുണ്ട റെയിൽവ സ്റ്റേഷൻ ഓർമയിലേക്കു തള്ളിവിടും.