നെന്മാറ വല്ലങ്ങി വേല ഇന്ന്
1539050
Thursday, April 3, 2025 1:33 AM IST
നെന്മാറ: വേലയൊരുക്കം പൂർണം, നെന്മാറ, വല്ലങ്ങി ദേശങ്ങൾ ആഹ്ളാദത്തിമർപ്പിൽ. വേലയാഘോഷം ഉഷാറാക്കാൻ വീടുകളിൽ ബന്ധുക്കളും സുഹൃത്തുക്കളും എത്തിത്തുടങ്ങി.
വേല എഴുന്നള്ളത്തിനുള്ള ആനകളെയും എത്തിച്ചുകഴിഞ്ഞു. പ്രമുഖ ആനകൾക്കു ആനപ്രേമിസംഘം സ്വീകരണവും നൽകി.
നെന്മാറ ദേശത്തിന്റെ തിടമ്പേൽക്കുന്നത് പുതുപ്പള്ളി കേശവൻ. വല്ലങ്ങി ദേശത്തിന്റെ തിടമ്പ് ഗുരുവായൂർ നന്ദൻ വഹിക്കും.
പഞ്ചവാദ്യമേളക്കാരും എത്തിയതോടെ മേളക്കമ്പക്കരും ആവേശത്തിലായി. ബഹുനില ആനപ്പന്തലിലെ ദീപാലങ്കാരവും സാമ്പിൾ വെടിക്കെട്ടും കാണാൻ ഇന്നലെ ആയിരങ്ങളെത്തി.
നെല്ലിക്കുളങ്ങര ക്ഷേത്രവും പരിസരവും ഭക്തരും കാഴ്ച കാണാൻ എത്തിയവരെയും കൊണ്ടുനിറഞ്ഞു. കാഴ്ചക്കാർ നിറഞ്ഞതോടെ ക്ഷേത്രമുറ്റത്തെ വഴിവാണിഭക്കാരെയും വാഹങ്ങളെയും വൈകീട്ട് അഞ്ചോടെ പോലീസെത്തി ഒഴിപ്പിച്ച് തിരക്കു ക്രമീകരിച്ചു.
ആഘോഷത്തിനു മാറ്റുകൂട്ടാൻ ക്ഷേത്രവും ആനപ്പന്തലും ഒരുങ്ങിയതിനോടൊപ്പം വ്യാപാര സ്ഥാപനങ്ങൾ മുതൽ പോലീസ് സ്റ്റേഷൻ വരെ ദീപാലങ്കാരങ്ങളാൽ അലങ്കരിച്ചിട്ടുണ്ട്.
ഇന്നലെ വൈകുന്നേരം അഞ്ചിനു വടക്കഞ്ചേരി, കൊല്ലങ്കോട്, പാലക്കാട് ഭാഗങ്ങളിൽ നിന്നുള്ള വാഹനങ്ങൾക്ക് നെന്മാറ ടൗണിലേക്ക് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയെങ്കിലും നെന്മാറ ടൗണിലും ക്ഷേത്രപരിസരത്തേക്കു പോത്തുണ്ടി റോഡിലും വല്ലങ്ങി താലപ്പൊലി നടക്കുന്ന ഭാഗത്തും, നെന്മാറ വേട്ടയ്ക്കൊരുമകൻ ക്ഷേത്രംപരിസരത്തും ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു.
മനംകവർന്ന് സാന്പിൾ വെടിക്കെട്ടും
ആനച്ചമയ പ്രദർശനവും
നെന്മാറ: നെന്മാറദേശത്തിന്റെ ആനച്ചമയ പ്രദർശനം മന്ദം ശ്രീലക്ഷ്മി ഓഡിറ്റോറിയത്തിൽ സിനിമ നടൻ ദേവൻ ഉദ്ഘാടനം ചെയ്തു.
കെ. ബാബു എംഎൽഎ, ഡിവൈഎസ്പി എൻ. മുരളീധരൻ, ഉത്സവ കമ്മിറ്റി ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു. നെന്മാറ ദേശത്ത് ആണ്ടിവേലയും വൈകുന്നേരം പഞ്ചാരിമേളവും മന്ദത്ത് അരങ്ങേറി.
ദീപാരാധനയ്ക്ക് ശേഷം ഗേൾസ് ഹൈസ്കൂളിന് സമീപമുള്ള നെൽപ്പാടത്ത് അമ്മിചാരി വെടി എന്ന സാമ്പിൾ വെടിക്കെട്ടും നടന്നു. സാമ്പിൾ വെടിക്കെട്ടും ആനപ്പന്തലുകളുടെ കാണാൻ സമീപ പഞ്ചായത്തുകളിൽനിന്നും ആളുകൾ എത്തിയിരുന്നു. വല്ലങ്ങി ദേശത്തിന്റെ ആനച്ചമയ പ്രദർശനം ശിവക്ഷേത്ര ഹാളിൽ അരങ്ങേറി. കെ. ബാബു എംഎൽഎ, ദേശഭാരവാഹികൾ എന്നിവർ പങ്കെടുത്തു. വൈകുന്നേരം അഞ്ചിനു ശിവക്ഷേത്രത്തിൽനിന്ന് ചീറമ്പക്കാവുവരെ വാദ്യമേളങ്ങളോടെ താലപ്പൊലിയും തുടർന്ന് പാണ്ടിമേളവും അരങ്ങേറി. തുടർന്നു വല്ലങ്ങി ശിവക്ഷേത്ര പരിസരത്ത് സാമ്പിൾ വെടിക്കെട്ടും നടത്തി.