കുടിവെള്ളവിതരണത്തിലുള്ള പ്രശ്നങ്ങൾ പരിഹരിക്കണം: മന്ത്രി കെ. കൃഷ്ണൻകുട്ടി
1539056
Thursday, April 3, 2025 1:33 AM IST
പാലക്കാട്: വേനൽകടുക്കുന്നതിനാൽ ജില്ലയിൽ കുടിവെള്ള വിതരണത്തിലുള്ള പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് വൈദ്യുതിവകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി പറഞ്ഞു.
ഉഷ്ണതരംഗം മണ്‍സൂണ്‍ മുന്നൊരുക്കവുമായി ബന്ധപ്പെട്ട് ജില്ലാ പഞ്ചായത്ത്ഹാളിൽ നടന്ന അവലോകനയോഗത്തിൽ പ്രസംഗിക്കുകയായിരുന്നു മന്ത്രി. വേനൽക്കാലത്ത് ജില്ലയിൽ ജലലഭ്യതയോടൊപ്പം കുടിവെള്ളവിതരണം മാലിന്യമുക്തമാണെന്ന് ഉറപ്പ് വരുത്തണമെന്നും മന്ത്രി പറഞ്ഞു.
ആളിയാർ പദ്ധതി കരാർപ്രകാരം വെള്ളം ലഭ്യമാകുന്നതിനുള്ള നടപടികൾ സ്വീകരിക്കുക, വിവിധ ഏരിയകളിലെ ചെക്ക്ഡാമുകൾ തിരിച്ചറിയുക, വാട്ടർ അഥോറിറ്റിയുമായി ചേർന്ന് ജലസ്രോതസുകൾ കണ്ടെത്തുന്നതിന് അഗ്നിരക്ഷാസേന പരിശോധന നടത്തണം എന്നിങ്ങനെയുള്ള നിർദേശങ്ങളാണ് മന്ത്രി നൽകിയത്. ഭൂഗർഭജലത്തിൽ അടങ്ങിയിരിക്കുന്ന സോഡിയത്തിന്റെ അളവ് കണ്ടെത്തി പട്ടിക തയ്യാറാക്കാനും മന്ത്രി ആവശ്യപ്പെട്ടു.
പരിപാടിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോൾ, എംഎൽഎമാരായ കെ.ഡി. പ്രസേനൻ, പി.പി. സുമോദ്, ജില്ലാ കളക്ടർ ജി. പ്രിയങ്ക, എഡിഎം കെ. മണികണ്ഠൻ, നവകേരള മിഷൻ കോ-ഓർഡിനേറ്റർ പി. സെയ്തലവി, വിവിധ വകുപ്പുതല ഉദ്യോഗസ്ഥർ, വിവിധ പഞ്ചായത്തുകളിൽ നിന്നുമുള്ള പ്രസിഡന്റ്, സെക്രട്ടറിമാർ തുടങ്ങിയവർ പങ്കെടുത്തു.