വട്ടപ്പാറയിൽ പാലവും റോഡുമില്ല, പ്രദേശവാസികൾ ദുരിതത്തിൽ
1539058
Thursday, April 3, 2025 1:33 AM IST
പാലക്കയം: മേഖലയിലെ പ്രധാന കുടിയേറ്റ മലയോര കർഷക ഗ്രാമമായ വട്ടപ്പാറയിൽ പാലം ഇല്ലാത്തതിനാൽ പുറംലോകത്തേക്ക് എത്താൻ കഴിയാതെ വിഷമിക്കുകയാണ് പ്രദേശവാസികൾ. പൊട്ടിപ്പൊളിഞ്ഞു കിടക്കുന്ന റോഡും യാത്രാക്ലേശം രൂക്ഷമാക്കുന്നു.
പാലക്കയത്ത് നിന്നും ഇഞ്ചിക്കുന്ന് ചെക്ക്പോസ്റ്റിന് സമീപത്തുകൂടെ നാല് കിലോമീറ്റർ ദൂരം പലഭാഗത്തും കോൺക്രീറ്റ് ചെയ്ത് ഗതാഗതയോഗ്യമാക്കിയിട്ടുണ്ടെങ്കിലും അവിടെനിന്ന് കുണ്ടം പൊട്ടി വഴിയുള്ള റോഡ് പൊട്ടിപ്പൊളിഞ്ഞുകിടക്കുന്നതിനാൽ വാഹനങ്ങൾ പോലും കടന്നുപോകാൻ ബുദ്ധിമുട്ടുകയാണ്.
ശിരുവാണിഡാം സന്ദർശിക്കുന്നതിനു വേണ്ടി അനുമതി നൽകിയതോടെ നിരവധി സന്ദർശകരാണ് ഈവഴി കടന്നുപോകുന്നത്. ഇവരിൽ ഭൂരിഭാഗം സന്ദർശകരും ചെക്ക്പോസ്റ്റിൽ നിന്നും വലത്തേക്ക് തിരിഞ്ഞ് വട്ടപ്പാറ ചെറുപുഴ വെള്ളച്ചാട്ടം സന്ദർശിക്കാനും പ്രകൃതിഭംഗി ആസ്വദിക്കാനും പുഴയിൽ കുളിക്കുന്നതിനും വേണ്ടി പോകുന്നുണ്ട്.
പാലക്കയം-ചീനിക്കപ്പാറ റോഡിൽ കുണ്ടംപൊട്ടി വഴി വട്ടപ്പാറയിലേക്ക് പോകാൻ റോഡ് ഉണ്ടെങ്കിലും മെറ്റലിളകി കുണ്ടും കുഴിയുമായി കിടക്കുകയാണ്. ഫോർവീൽ ഉള്ള ജീപ്പുകൾ മാത്രമാണ് ഈ വഴിയിലൂടെ സർവീസ് നടത്തുന്നത്.
രോഗികൾ ആയവരെ ആശുപത്രിയിൽ എത്തിക്കാൻപോലും പലപ്പോഴും വാഹനം ലഭിക്കാറില്ല. കസേരയിൽ ഇരുത്തി ചുമന്ന് വണ്ടി എത്തുന്നിടത്ത് വരെ എത്തിക്കുകയാണ് ചെയ്യുന്നത്. പ്രകൃതിരമണീയമായ ഈ പ്രദേശം റോഡ് ഗതാഗതയോഗ്യമാക്കിയാൽ സന്ദർശകരുടെ എണ്ണംകൂടാനും പ്രദേശത്ത് കൂടുതൽ വരുമാനം ലഭിക്കാനും ഇടവരും.
നിലവിൽ ഇഞ്ചിക്കുന്ന് നിന്നും വട്ടപ്പാറ വഴി കുണ്ടംപൊട്ടി പാലക്കയത്തേക്ക് വരുന്ന റിംഗ് റോഡ് ഉണ്ടെങ്കിലും അവ ഗതാഗത യോഗ്യമല്ല. റോഡ് നിർമിച്ച് ടാർചെയ്ത് പൊതുജനങ്ങൾക്ക് തുറന്നുകൊടുത്താൽ ധാരാളം സന്ദർശകർ വരികയും പ്രദേശത്തിന്റെ വികസനത്തിന് ഇടയാക്കുകയും ചെയ്യും.
തച്ചമ്പാറ പഞ്ചായത്തിന് കീഴിൽ വരുന്ന വട്ടപ്പാറയുടെ വികസനം സാധ്യമാക്കുന്നതിന് അധികാരികൾ തയ്യാറാകണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.