ഒറ്റപ്പാലം മിനി സിവിൽ സ്റ്റേഷനിൽ നാലാംനില ബാലികേറാമല!
1539391
Friday, April 4, 2025 1:50 AM IST
ഒറ്റപ്പാലം: മിനി സിവിൽസ്റ്റേഷന്റെ നാലാം നിലയിലേക്ക് എത്തിച്ചേരാൻ ഇനിയും കാൽനടതന്നെ ശരണം. ഉദ്ഘാടനം കഴിഞ്ഞു പത്തുവർഷം നീണ്ട കാത്തിരിപ്പിനൊടുവിൽ ലിഫ്റ്റ് പ്രവർത്തനം തുടങ്ങിയതു കഴിഞ്ഞ ദിവസമായിരുന്നു.
നാലാം നിലയിലേക്കുള്ള സേവനം ഒഴിവാക്കിയായിരുന്നു പ്രവർത്തനോദ്ഘാടനം. മൂന്നുനിലകളിലേക്കു കയറാനാകുന്ന നിലയിലാണു നിലവിൽ ലിഫ്റ്റിന്റെ പ്രവർത്തനം.
നാലാംനിലയ്ക്ക് ഇതുവരെ അഗ്നിരക്ഷാ സേനയുടെ എൻഒസി ലഭിക്കാത്തതാണ് ഇവിടേക്ക് ലിഫ്റ്റ് സൗകര്യം ഒരുക്കുന്നതിനു സാങ്കേതിക തടസം. നാലാം നിലയുടെ അനുമതിക്ക് ആവശ്യമായ നടപടികൾ റവന്യു വകുപ്പിന്റെ നേതൃത്വത്തിൽ തുടങ്ങിയിട്ടുണ്ട്. ചില സാങ്കേതിക നടപടികൾ മാത്രമാണു പൂർത്തിയാകാനുള്ളത്. 2014 മേയിലാണു കണ്ണിയംപുറത്തെ മിനിസിവിൽസ്റ്റേഷൻ കെട്ടിടത്തിന്റെ ഉദ്ഘാടനം. താഴത്തെ നില കൂടാതെ മൂന്നു നിലകളുള്ള കെട്ടിടമാണിത്. ആകെ 14 സർക്കാർ ഓഫിസുകൾ ഇവിടെ പ്രവർത്തിക്കുന്നു.
അതിവേഗം നിർമാണം പൂർത്തിയാക്കിയ കെട്ടിടം ലിഫ്റ്റ് തുറന്നുകൊടുക്കാതെയാണ് അന്ന് ഉദ്ഘാടനം ചെയ്തത്. ദിവസങ്ങൾക്കകം ലിഫ്റ്റ് പ്രവർത്തനക്ഷമമാക്കുമെന്നായിരുന്നു ഉറപ്പെങ്കിലും പ്രഖ്യാപനം നടപ്പാകാൻ ഒരു പതിറ്റാണ്ടെടുത്തു. ഒടുവിൽ കെ.പ്രേംകുമാർ എംഎൽഎയുടെ നേതൃത്വത്തിൽ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചു നടത്തിയ നീക്കങ്ങളാണു ഫലം കണ്ടത്.