പോക്സോ കേസില്‍ അഞ്ചുവര്‍ഷം കഠിനതടവും അന്‍പതിനായിരംരൂപ പിഴയും
1539049
Thursday, April 3, 2025 1:33 AM IST
പാലക്കാട്: മാനസികവൈകല്യമുള്ള ബാലികയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിക്കു അഞ്ചുവര്‍ഷം കഠിനതടവും 50,000 രൂപ പിഴയും ശിക്ഷ.
കഞ്ചിക്കോട് പുതുശേരി വാധ്യാര്‍ചള്ള ബിഗിൽ എന്ന മോഹന്‍കുമാര്‍ (22) നെയാണ് പാലക്കാട് ഫാസ്റ്റ് ട്രാക്ക് സ്പെഷല്‍ പോക്സോ കോടതി ജഡ്ജി ടി. സഞ്ജു ശിക്ഷിച്ചത്. പിഴയടക്കാത്തപക്ഷം ആറുമാസം അധിക കഠിനതടവ് അനുഭവിക്കണം.
തമിഴ്നാട് നാഗപട്ടണത്തുള്ള സീര്‍കാഴി എന്ന സ്ഥലത്തുനിന്നും ചെങ്കല്പണിക്കായി വന്ന് പുതുശേരി എന്ന സ്ഥലത്ത് താമസിച്ചിരുന്ന മാനസിക വൈകല്യമുള്ള അതിജീവിതയെ 2022 മേയ് ഏഴിനുരാത്രി ഒന്പതിനു പ്രതി ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് പ്രോസിക്യൂഷന് വാദം.
അന്നത്തെ വാളയാര്‍ സബ് ഇന്‍സ്പെക്ടര്‍ ആയിരുന്ന ആര്. രാജേഷ് രജിസ്റ്റര്‍ചെയ്തു ആദ്യാന്വേഷണം നടത്തിയ കേസ് അന്നത്തെ പാലക്കാട് ഡിവൈഎസ്പിയും നിലവിലെ പാലക്കാട് അഡിഷണല്‍ എസ്പിയുമായ പി.സി. ഹരിദാസന് ആണ് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചത്. എസ്ഐ പ്രഭ, എഎസ്ഐ പരമേശ്വരി, എസ്സി.പിഒ പ്രതീഷ് എന്നിവര്‍ അന്വേഷണ ഉദ്യോഗസ്ഥരെ സഹായിച്ചു. പ്രോസിക്യൂഷന് 14 സാക്ഷികളെ വിസ്തരിച്ച് 28 രേഖകള്‍ സമര്‍പ്പിച്ചു. പിഴത്തുക കൂടാതെ അതിജീവിതയ്ക്ക് അധിക ധനസഹായത്തിനും വിധിയായി.