നല്ലേപ്പിള്ളിയിൽ ഒന്നാംവിള നെൽകൃഷിപ്പണികൾ തുടങ്ങി
1539052
Thursday, April 3, 2025 1:33 AM IST
ചിറ്റൂർ: നല്ലേപ്പിള്ളിയിൽ കൊയ്ത്ത് കഴിഞ്ഞ നെൽപ്പാടങ്ങളിൽ ഒന്നാംവിള നെൽകൃഷിയിറക്കലിന്റെ പ്രാരംഭ കൃഷിപ്പണികൾ ആരംഭിച്ചു.
കഴിഞ്ഞ 10 ദിവസത്തിനുള്ളിൽ കൊയ്ത്ത് കഴിഞ്ഞപാടങ്ങളിലെ വൈക്കോൽ കെട്ടിഎടുത്ത ഉടനെ ഉഴവിന് പാകമായ പരുവത്തിലുള്ള മണ്ണിലാണ് ട്രാക്ടർ ഉപയോഗിച്ച് ഉഴുതുമറിച്ച് ഇടുന്നത്. വേനൽമഴ കിട്ടുന്ന മുറയ്ക്ക് പാടങ്ങളിലെ കൊഴിഞ്ഞുവീണ നെല്ല് മുളച്ചുപൊങ്ങും.
വീണ്ടും കിട്ടുന്ന മഴക്ക് ഡെയിഞ്ച പോലുള്ള പച്ചിലവളവിത്ത് വിതയ്ക്കാനാണ് നിലംഉഴുതു മറിക്കുന്നത് ഏപ്രിൽ 20- 25 കഴിഞ്ഞ ഉടനെ ഡെയിഞ്ച വിതക്കാൻ വീണ്ടും ഉഴണം. വിതകഴിഞ്ഞ് കിട്ടുന്ന മഴക്ക് മുളവരും. 45-55 ദിവസത്തിനുള്ളിൽ കാലവർഷം കിട്ടുമെന്ന പ്രതീക്ഷയാണ് കർഷകർക്കുള്ളത്.
മെയ് പത്തോടെ ഞാറ്റടി തയ്യാറാക്കും. 25-30 ദിവസത്തെ മൂപ്പിൽ നടീൽ നടത്തിക്കാൻ കഴിയും.ഡെയിഞ്ച വിത്ത് കിലോക്ക് 110 രൂപയോളം പൊതുമാർക്കറ്റിൽ വിലയുണ്ട്.
ഗ്രാമപഞ്ചായത്തുകളുടെ പദ്ധതിയിൽ ഡെയിഞ്ച വിത്തിന് പദ്ധതി വെക്കാത്തതുകൊണ്ട് ഉഴവുകൂലിയും വിത്ത് വിലയും കർഷകർക്ക് ചെലവേറുന്നു.
മണ്ണിന്റെ ജൈവ അവസ്ഥ ഉണ്ടാക്കാൻ ഡെയിഞ്ച വിത്തിന് പദ്ധതി വെക്കേണ്ടതായിരുന്നു. രോഗങ്ങളും കീടങ്ങളും വരാതിരിക്കാനും രാസവളത്തിന്റെ വില കൂടുതൽ കാരണം ഉപയോഗം കുറക്കാനും കഴിയും. ഡെയിഞ്ചയുടെ ഗുണം രണ്ടാംവിളക്കും ലഭിക്കും. കാലിവളം വാങ്ങിക്കൽ വളത്തിന്റെ വിലയും കയറ്റ്കൂലിയും പാടത്ത് പരത്തുന്ന കൂലിയും ട്രാക്ടർ വാടകയും വളരെ കൂടുതലാണെന്ന് കർഷകർ പറഞ്ഞു. ഒന്നാംവിളയ്ക്ക് ടിപിഎസ്-5, ഉമ, ഭദ്ര തുടങ്ങിയവിത്തും മൂപ്പുകുറഞ്ഞ വിത്തുകളുമാണ് കൃഷിയിറക്കുന്നതെന്ന് കർഷകൻ വി.രാജൻ പറഞ്ഞു.