യാത്രാസൗകര്യമില്ല; നിരവ് മുണ്ടനാട് പ്രദേശവാസികൾ ദുരിതത്തിൽ
1539051
Thursday, April 3, 2025 1:33 AM IST
കല്ലടിക്കോട്: കുടിയേറ്റ മലയോരഗ്രാമങ്ങളായ നിരവ്, മുണ്ടനാട് വഴിക്കടവ്, വാക്കോടൻ പ്രദേശങ്ങളിലെ ജനങ്ങൾ ദുരിതത്തിൽ. ഇടക്കുർശ്ശിയിൽനിന്നും ഒരുബസ് മാത്രമാണു നിരവുവഴി പാലക്കയത്തേക്കു സർവീസ് നടത്തുന്നത്.
അതുകഴിഞ്ഞാൽ പൊതുയാത്രാസൗകര്യങ്ങൾ ഇല്ല. ആശുപത്രിയിൽ പോകാനും ടൗണിൽപോകാനും ഇവർ ഓട്ടോറിക്ഷകളെയും ജീപ്പിനെയുമാണ് ആശ്രയിക്കുന്നത്.
നിരവിൽ എത്തിയാൽ നാലുകിലോമീറ്റർ നടന്നാൽമാത്രമേ വാക്കോടനിലും മുണ്ടനാട്ടും വഴിക്കടവിലും എത്താനാവുകയുള്ളൂ.
മുണ്ടനാട് റോഡൂം നിരവ്- ഇരുമ്പാമുട്ടി വഴിക്കടവ് റോഡും പൊട്ടിപ്പൊളിഞ്ഞു തകർന്നിരിക്കുകയാണ്. ഇരുചക്രവാഹനങ്ങൾപോലും കടന്നൂപോകാൻ കഴിയാത്തവിധം കുണ്ടുംകുഴിയുമാണ്. ഇടക്കുർശ്ശി പുതുക്കാട് നിരവുവഴി പാലക്കയത്തേക്കു കൂടുതൽ ബസ് സർവീസ് ആരംഭിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
പൊട്ടിപ്പൊളിഞ്ഞ റോഡുകൾ അറ്റകുറ്റപ്പണികൾനടത്തി ഗതാഗത യോഗ്യമാക്കണമെന്നുമുള്ള നാട്ടുകാരുടെ ആവശ്യം പരിഹാരിക്കാൻ അധികാരികൾ തയാറായിട്ടുമില്ല.