നെന്മാറ-ഒലിപ്പാറ റോഡിന്റെ ശോച്യാവസ്ഥ: അധികൃതരുടെ വാക്ക് പാഴ്വാക്കായി
1539054
Thursday, April 3, 2025 1:33 AM IST
നെന്മാറ: പണിതുടങ്ങി രണ്ടു വർഷമായിട്ടും തകർന്നുകിടക്കുന്ന നെന്മാറ-ഒലിപ്പാറ റോഡ് പുനരുദ്ധാരണ പ്രവൃത്തി നടത്തി നെന്മാറ വേലയ്ക്കുമുമ്പ് ഗതാഗതയോഗ്യമാക്കുമെന്ന് എംഎൽഎയ്ക്കും ആക്ഷൻ കമ്മിറ്റിക്കും ബന്ധപ്പെട്ട അധികൃതർ നൽകിയ വാക്ക് പാഴ്വാക്കായതായി ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ കുറ്റപ്പെടുത്തി.
കർശനനടപടിയെടുക്കാതെ തുടർച്ചയായി സമയം നീട്ടികൊടുത്ത് കരാറുകാരനെ സഹായിക്കുന്ന പിഡബ്ല്യുഡി എൻഎച്ച് വിഭാഗം അധികാരികളുടെ നിലപാട് തിരുത്തണമെന്നും കരാറുകാരനെതിരെ അടിയന്തരമായി തീവ്രനടപടി സ്വീകരിക്കണമെന്നും ആക്ഷൻ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.
നെന്മാറ-ഒലിപ്പാറ റോഡ് വർക്കിന്റെ ഡിപിആർ (ഡീറ്റെയിൽഡ് പ്രോജക്ട് റിപ്പോർട്ട്), വർക്കിന്റെ പുരോഗതി റിപ്പോർട്ട്, ടെൻഡർ എന്നിവ ഉടൻ പുറത്തുവിടണം. കഴിഞ്ഞ 15 മാസത്തിനുള്ളിൽ ഏഴ് ഗുരുതരമായ അപകടങ്ങളും പത്തോളം ചെറുഅപകടങ്ങളും ഈ റോഡിൽ സംഭവിച്ചിട്ടുണ്ട്.
അപകടം പറ്റിയവർക്കുള്ള നഷ്ടപരിഹാരങ്ങൾ ബന്ധപ്പെട്ട അധികാരികൾ നൽകണമെന്നും ഉപഭോക്തൃ ഫോറത്തിന്റെ ഉൾപ്പെടെ സഹായത്തോടെ ബന്ധപ്പെട്ടവർക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്നും ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു. നെന്മാറ വേല കഴിഞ്ഞും റോഡിന്റെ പണി നിലവിലേതുപോലെയാണെങ്കിൽ രാഷ്ട്രീയ- ജാതി- മതഭേദമന്യേ മുഴുവൻ ജനങ്ങളുടെയും സാമൂഹിക- സാംസ്കാരിക -സന്നദ്ധ സംഘടനകളുടേയും പിന്തുണയോടെ ബന്ധപ്പെട്ട അധികൃതർക്കെതിരേ ശക്തമായ പ്രതിഷേധസമരപരിപാടികളുമായി ആക്ഷൻ കൗൺസിൽ മുന്നോട്ടുപോകുമെന്നു ഭാരവാഹികളായ കെ. രഘുകുമാർ, എസ്.എം. ഷാജഹാൻ, സി.കെ. രമേഷ്, കെ. ഹുസൈൻകുട്ടി, എസ്. ഉമ്മർ, എൻ. ഗിരീഷ്, കെ.സി. രാഘവൻ, എ. രാജൻ എന്നിവർ പറഞ്ഞു.