കുടിവെള്ളത്തിനു പരിഗണനനൽകി ചെർപ്പുളശേരി നഗരസഭ ബജറ്റ്
1538157
Monday, March 31, 2025 1:15 AM IST
ഷൊർണൂർ: കുടിവെള്ളത്തിനു മുന്തിയ പരിഗണന നൽകി ചെർപ്പുളശേരി നഗരസഭ ബജറ്റ്.
പട്ടാമ്പി റോഡിലെ മുനിസിപ്പൽ ബസ്സ്റ്റാൻഡ് കം ഷോപ്പിംഗ് സെന്റർ ആധുനികസൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നതിന് 10.32 കോടി രൂപയും വകയിരുത്തി. നഗരസഭാ ഉപാധ്യക്ഷ സി. കമലം ബജറ്റ് അവതരിപ്പിച്ചു.
നഗരസഭാധ്യക്ഷൻ പി. രാമചന്ദ്രൻ അധ്യക്ഷനായി. ചെർപ്പുളശേരി സമഗ്ര കുടിവെള്ളപദ്ധതിയുടെ പൂർത്തീകരണത്തിനു ഒന്പതുകോടിരൂപയും വ്യക്തിഗത കുടിവെള്ളപദ്ധതികൾക്കു 26.25 ലക്ഷം രൂപയും ചെലവഴിക്കും.
ചെർപ്പുളശേരി ടൗണിനോടുചേർന്നു ഹാപ്പിനസ് പാർക്ക് നിർമിക്കും. വിജ്ഞാനകേരളം പദ്ധതിയുടെ ഭാഗമായി നഗരസഭയിൽ ജോബ് സ്റ്റേഷനും ഫെസിലിറ്റേഷൻ സെന്ററും ഉടൻ ആരംഭിക്കും.
പിഎംവൈഎ ലൈഫ് ഭവനപദ്ധതിയിൽ 300 വീടുകൾ നിർമിക്കുന്നതിനു ബാങ്ക്വായ്പവഴി 12 കോടി രൂപ ലഭ്യമാക്കും. ജനറൽ-എസ്സി വിഭാഗങ്ങൾക്കായി 2.10 കോടി രൂപയും വകയിരുത്തി. 158.2 കോടി രൂപ വരവും 155.5 കോടി രൂപ ചെലവും 2.68 കോടി രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റ് കൗൺസിൽ അംഗീകരിച്ചു.
പൊള്ളയായ വാഗ്ദാനങ്ങളും ആവർത്തനവിരസതയുമാണ് ബജറ്റെന്ന് യുഡിഎഫ് പാർലമെന്ററി പാർട്ടി നേതാവും പ്രതിപക്ഷനേതാവുമായ കെ.എം. ഇസ്ഹാഖ് ബജറ്റ് ചർച്ചയിൽ അഭിപ്രായപ്പെട്ടു.