കാരുണ്യ പാനീയവിതരണം എട്ടാം വർഷത്തിലേക്ക്
1538760
Wednesday, April 2, 2025 2:00 AM IST
മംഗലം ശങ്കരൻകുട്ടി
ഒറ്റപ്പാലം: കാരുണ്യത്തിന്റെ പന്തൽ വീണ്ടുമൊരുങ്ങി. ദാഹിച്ചുവലഞ്ഞത്തുന്ന രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഇത്തവണയും ശീതളപാനീയങ്ങളും കുടിനീരുമൊരുക്കി ഗ്രന്ഥശാല പ്രവർത്തകർ.
ഒറ്റപ്പാലം തോട്ടക്കര അരിയൂർ തെക്കുമുറി പൊതുജന വായനശാലയുടെ നേതൃത്വത്തിലാണ് ഒറ്റപ്പാലം താലൂക്ക് ആശുപത്രിക്കുമുന്നിൽ ഇത്തവണയും വേനലിന്റെ വറുതി കഴിയുംവരെ വിവിധതരം ദാഹശമനികൾ നൽകുന്നത്. വിതരണം ഇന്നുമുതൽ തുടങ്ങും. തുടർച്ചയായി എട്ടാംവർഷമാണ് വായനശാല പ്രവർത്തകർ വേനൽക്കാലത്തു കുടിവെള്ളം നൽകുന്നത്.
തണുപ്പിച്ച സംഭാരം, തണ്ണിമത്തൻ, നാരങ്ങാവെള്ളം എന്നിങ്ങനെയാണ് വിതരണം. രാവിലെ പതിനൊന്നുമുതൽ ഒന്നരവരെ ശീതളപാനീയ വിതരണമുണ്ടാകും. ഒരു ദിവസം 800 മുതൽ 1000 ആളുകൾക്കാണ് ശീതളപാനീയം തയാറാക്കി നൽകുന്നത്.
പൊതു ജനങ്ങളുടെ സഹായത്തോടെ കഴിഞ്ഞവർഷം 49 ദിവസമാണ് കുടിവെള്ളം നൽകിയത്.ഞായർ ഒഴികെ എല്ലാദിവസവും കുടിവെള്ളം വിതരണം ചെയ്യുന്നുണ്ട്. കനത്തചൂടിൽ ദാഹിച്ചു വലഞ്ഞെത്തുന്നവർക്കു വലിയ ആശ്വാസമാണ് വായനശാലയുടെ ഈ തണ്ണീർപ്പന്തൽ.
കച്ചവടസ്ഥാപനങ്ങളിൽ ഇരുപതുരൂപവരെ നൽകി പാനീയംവാങ്ങി കുടിച്ചിട്ടും ദാഹശമനത്തിനു മതിവരാതെ വലയുന്നവർക്ക് വലിയ ആശ്വാസമാണ് ഈ തണ്ണീർപ്പന്തൽ. നൂറുകണക്കിനു രോഗികളും കൂട്ടിരിപ്പുകാരുമാണ് ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലേക്കു പ്രതിദിനം എത്തുന്നത്. ഇവർക്കെല്ലാം മതിവരുവോളം ശീതള പാനീയം കുടിക്കാൻ വായനശാല പ്രവർത്തകർ കരുതൽ ഏർപ്പെടുത്തിയിട്ടുണ്ട്.