പ്രതിഷേധത്തെതുടർന്നു ടോൾവിഷയം മാറ്റിവച്ചു; ഏഴിന് വീണ്ടും ചർച്ച
1538758
Wednesday, April 2, 2025 2:00 AM IST
വടക്കഞ്ചേരി: പന്നിയങ്കര ടോൾപ്ലാസയിൽ പ്രദേശവാസികളിൽനിന്നു ടോൾ പിരിക്കാനുള്ള നീക്കം പി.പി. സുമോദ് എംഎൽഎയുടെ നേതൃത്വത്തിൽ നാട്ടുകാർ തടഞ്ഞു.
തുടർന്ന് ഉച്ചയ്ക്ക് പാലക്കാട് എഡിഎം കെ. മണികണ്ഠൻ വടക്കഞ്ചേരിയിലുള്ള എംഎൽഎ ഓഫീസിലെത്തി ടോൾകമ്പനി അധികൃതരുമായി ചർച്ച നടത്തിയാണ് ഈമാസം ഏഴുവരെ സ്ഥിതി തുടരാനും ചർച്ചനടത്തി പ്രശ്നപരിഹാരമുണ്ടാക്കാനും ധാരണയായിട്ടുള്ളത്.
ഇന്നലെ രാവിലെ ഡിവൈഎഫ്ഐ ഉൾപ്പെടെയുള്ള രാഷ്ട്രിയ പാർട്ടികൾ ടോൾപ്ലാസയ്ക്കു മുന്നിൽ പ്രതിഷേധവുമായി എത്തിയിരുന്നു.
സിഐ കെ.പി. ബെന്നി, എസ്ഐ ബാബു എന്നിവരുടെ നേതൃത്വത്തിൽ പോലീസും സ്ഥലത്തെത്തി.
ടോൾപ്ലാസയിൽനിന്നും പത്തുകിലോമീറ്റർ ചുറ്റളവിലുള്ളവർക്കു സൗജന്യ പ്രവേശനം അനുവദിക്കണമെന്നതാണു സമരക്കാരുടെ ആവശ്യം.
എന്നാൽ ഏഴര കിലോമീറ്ററേ അനുവദിക്കാനാകു എന്നതിൽ ഉറച്ചു നിൽക്കുകയാണ് ടോൾകമ്പനി. രണ്ടരക്കിലോമീറ്ററിലാണ് തർക്കം നിൽക്കുന്നത്.
സർവകക്ഷിയോഗ തീരുമാനത്തിനു വിരുദ്ധമായുള്ള നടപടികളാണ് ടോൾകമ്പനി സ്വീകരിക്കുന്നതെന്ന് ഡിവൈഎഫ്ഐസമരത്തിൽ പങ്കെടുക്കാൻ ടോൾപ്ലാസയിലെത്തിയ സിപിഎം ഏരിയ സെക്രട്ടറി ടി. കണ്ണൻ പറഞ്ഞു.
ടോൾകമ്പനിയുടെ ഈ നിലപാടുകളാണ് വിഷയം വഷളാക്കുന്നതെന്നും നേതാക്കൾ ചൂണ്ടിക്കാട്ടി. ടോൾപ്ലാസയിൽനിന്നു നാലു ദിക്കുകളിലേക്കും ഏഴരക്കിലോമീറ്ററിനപ്പുറം സൗജന്യപ്രവേശനം നൽകേണ്ട സ്പോട്ടുകൾ കണ്ടെത്തി ദൂരപരിധികളിൽ ഏറ്റക്കുറച്ചിലുകൾ നടത്താനും ഒഴിവാക്കേണ്ട പ്രദേശങ്ങൾ ഒഴിവാക്കാനുമാകും ഏഴാം തീയതിയിലെ ചർച്ചയിലും ഊന്നൽ നൽകുക. ഇതു സംബന്ധിച്ചുള്ള എഡിഎമ്മിന്റെ പരിശോധനാ റിപ്പോർട്ട് എംഎൽഎ ഉൾപ്പെടുന്ന കമ്മിറ്റിക്കു നൽകിയിട്ടുണ്ട്.
ഇതനുസരിച്ച് ചില സ്ഥലങ്ങളിലേക്കു ഒമ്പതര കിലോമീറ്റർവരെ ദൂരപരിധിയിലുള്ളവർക്കും സൗജന്യ പ്രവേശനം നിർദേശിച്ചിട്ടുണ്ട്.