മൂല്യമില്ലാത്ത വസ്തുവിന് 7 കോടി വായ്പ; സിപിഎമ്മിൽ കലാപം
1538491
Tuesday, April 1, 2025 1:36 AM IST
ഷൊർണൂർ: ഏഴുകോടിരൂപയുടെ വായ്പാ അനുമതി, സിപിഎമ്മിൽ വിവാദം പുകയുന്നു. ഷൊർണൂർ അർബൻ ബാങ്കിൽനിന്നു വായ്പ അനുവദിച്ചതിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട വിവാദമാണ് പാർട്ടിയെ വലയ്ക്കുന്നത്.
തിരിച്ചടവ് മുടങ്ങിയതോടെ ഗത്യന്തരമില്ലാതെ ഈടുനൽകിയ ഭൂമിയും കെട്ടിടവും കഴിഞ്ഞദിവസം ബാങ്ക് ജപ്തി ചെയ്തിരുന്നു. ചളവറ സ്വദേശി പാലാട്ട് ജയകൃഷ്ണന്റെയും കുടുംബാംഗങ്ങളുടെയും സ്വത്തുക്കളാണ് കുടിശികയെതുടർന്ന് ജപ്തി ചെയ്തത്. ഷൊർണൂർ അർബൻ സഹകരണബാങ്കിൽ നിന്നും പാലാട്ട് ജയകൃഷ്ണനും കുടുംബാംഗങ്ങളും എടുത്ത ഏഴുകോടി എഴുപതുലക്ഷം രൂപ വായ്പയുടെ തിരിച്ചടവ് മുടങ്ങിയതോടെയാണ് നടപടി ഉണ്ടായത്.
സിപിഎം നിയന്ത്രണത്തിലുള്ള ബാങ്കിൽനിന്നും ചില നേതാക്കളുടെ പിന്തുണയോടെ റിസർവ് ബാങ്ക് മാനദണ്ഡങ്ങൾ ലംഘിച്ച് വായ്പ സ്വന്തമാക്കുകയായിരുന്നു. സ്ഥലത്തിന്റെ മൂല്യം കണക്കാക്കാതെയാണ് ബാങ്ക് വായ്പ നൽകിയത്. 70 ലക്ഷം രൂപ പ്രകാരം 11 വായ്പകളാണ് ബാങ്ക് ഇവർക്ക് അനുവദിച്ചത്.
എന്നാൽ ഒരു വായ്പയിൽ മാത്രം തിരിച്ചടവ് നടന്നു. മറ്റു വായ്പകളെല്ലാം കുടിശികയായി. ഇവരുടെ ഒൻപതു സ്വത്തുക്കളാണ് ബാങ്ക് ജപ്തി ചെയ്തത്.
ഇതിനിടെ വായ്പ നൽകിയ ഭരണസമിതിയ്ക്കെതിരെയും സിപിഎമ്മിൽ പരാതി ഉയർന്നിരുന്നു. സിപിഎം ഷൊർണൂർ ലോക്കൽ കമ്മറ്റിയംഗം രാജേഷിന്റെ ഭാര്യാപിതാവാണ് ജയകൃഷ്ണൻ. രാജേഷ് ഉൾപ്പടെ വായ്പ നേടിയെടുത്തിരുന്നു.എന്നാൽ വായ്പ തിരിച്ചടച്ചില്ല.
സംഭവത്തിൽ പാർട്ടിതലത്തിൽ അന്വേഷണം നടക്കുകയാണ്.
ജ്യോതിഷരംഗത്ത് പ്രവർത്തിക്കുന്ന ജയകൃഷ്ണനെ കാണാൻ വിദേശ നേതാക്കൾ ഉൾപ്പടെ സന്ദർശിച്ചിരുന്നു.