നാഗലശേരി കള്ളിക്കുന്നിനുനേരെ ആർത്തിയുടെ യന്ത്രക്കൈകൾ
1538485
Tuesday, April 1, 2025 1:36 AM IST
ഷൊർണൂർ: നാഗലശേരി പിലാക്കാട്ടിരി കള്ളിക്കുന്ന് നാടുനീങ്ങുന്നു. ഏഴാംവാർഡിൽ പിലാക്കാട്ടിരി കള്ളിക്കുന്ന് പട്ടികജാതി കുടുംബങ്ങൾ താമസിക്കുന്ന പ്രദേശത്തിനു ഭീഷണി സൃഷ്ടിക്കുന്നവിധം കുന്നിടിച്ച് മണ്ണും പാറയും ഖനനം ചെയ്യുന്നതിനെതിരേ സമരരംഗത്തിറങ്ങിയിരിക്കുകയാണ് നാട്ടുകാർ.
സ്വകാര്യവ്യക്തികളുടെ ഉടമസ്ഥതയിലുള്ള കുന്നിടിച്ച് എല്ലാ മാനദണ്ഡങ്ങളും മറികടന്നാണ് മണ്ണും പാറയും ഖനനം ചെയ്ത് കടത്തിക്കൊണ്ടു പോവുന്നതെന്ന് പ്രദേശവാസികൾ ആരോപിച്ചു. ജിയോളജി വകുപ്പിന്റെ അനുമതിയുടെ മറവിൽ വീടുകളുടെയും ജലസംഭരണിയുടെയും അതിരുകളിൽനിന്ന് അകലംപാലിക്കാതെ വലിയ യന്ത്രങ്ങൾ ഉപയോഗിച്ച് മണ്ണും പാറയും ഖനനം നടത്തുന്നത്.
പട്ടികജാതി വിഭാഗത്തിൽപെട്ട ഇരുപതോളം കുടുംബങ്ങളാണ് പ്രകൃതിചൂഷണത്തിന്റെ ഇരകളായി വൻദുരന്തഭീഷണി നേരിടുന്നത്.
വേനലിൽ കുടിവെള്ളക്ഷാമവും വർഷകാലത്തു മണ്ണിടിച്ചിൽ ഭീഷണിയും നേരിടുന്ന പ്രദേശവാസികൾ അതിജീവന പോരാട്ടത്തിനൊരുങ്ങുകയാണ്.
പിലാക്കാട്ടിരി- പെരിങ്ങോട് റോഡ്, വാവനൂർ- കറുകപുത്തൂർ റോഡ്, പെരുമ്പിലാവ് - പട്ടാമ്പി റോഡ് എന്നീ നിരത്തുകൾക്കും കുന്നിടിച്ചുള്ള ഖനനം മൂലം കെടുതിഭീഷണി നേരിടാനുള്ള സാധ്യതയുണ്ടെന്നും പ്രദേശവാസികൾ ചൂണ്ടിക്കാട്ടി.
വില്ലേജ് ഓഫീസർ മുതൽ ജില്ലാ കളക്ടർ വരെയും, പഞ്ചായത്ത്, പോലീസ് അധികാരികൾ എന്നിവർക്കെല്ലാം പരാതി നൽകിയിട്ടും ഒരു നടപടിയുമുണ്ടായില്ലെന്നും പ്രദേശവാസികൾ പരാതിപ്പെട്ടു.