കൈവരി തകർന്ന പാലത്തിലൂടെ നാട്ടുകാരുടെ അപകടയാത്ര
1538154
Monday, March 31, 2025 1:15 AM IST
വണ്ടിത്താവളം: മൂലത്തറ ഇടതുകനാൽ നന്ദിയോട്ടിലുള്ള പാലത്തിന്റെ കൈവരി തകർന്നു മാസങ്ങളായും ജലസേചനവകുപ്പ് പുനർനിർമാണം നടത്താതിനാൽ നാട്ടുകാരുടെ പ്രതിഷേധം ശക്തം.
മേപ്പാടം കയ്പ്പൻകുളമ്പ് ഭാഗത്തുനിന്നും നൂറോളം കുടുംബങ്ങളിലുള്ളവർ നന്ദിയോട് പ്രധാന പാതയിലെത്തുന്നത് കനാൽപ്പാലം വഴിയാണ്. കനാലിൽ വെള്ളമെത്തിയാൽ പാലത്തിലൂടെ യാത്ര ഭയപ്പാടിലാണ്.
നന്ദിയോട് ഹൈസ്കൂൾ, ആശുപത്രി, വ്യാപാര സ്ഥാപന , വെറ്റിനറി ഹോസ്പിറ്റൽ, വില്ലേജ് ഓഫീസിലേക്കും മേപ്പാടം നിവാസികൾ അപകട ഭീഷണിയിലുള്ള പാലം കടന്നുവേണം റോഡിലെത്താൻ.
48 വർഷം മുൻപാണ് മൂലത്തറ ഇടതുകനാൽ നിർമിച്ചത്. ഈ സമയത്ത് നിർമിച്ച നന്ദിയോട് പാലം കാലപ്പഴക്കം കാരണം പടിഞ്ഞാറുവശം കൈവരി തകർന്നത്. പാലത്തിന്റെ അടിഭാഗം കോൺക്രീറ്റ് ഭാഗം അടർന്നുവീണ് തുരുമ്പിച്ച കമ്പികൾ പുറത്തേക്കു തള്ളിയ നിലയിലാണുള്ളത്.
ജലസേചന വകുപ്പ് അധികൃതർ മാസങ്ങൾക്ക് മുൻപ് തന്നെ സ്ഥലം സന്ദർശിച്ച് മടങ്ങിയെങ്കിലും ഇതുവരേയും തുടർ നടപടികളുണ്ടാവാത്തതിൽ നാട്ടുകാരുടെ പ്രതിഷേധത്തിനു കാരണമായിട്ടുണ്ട്.