കോടല്ലൂർ പാടശേഖരത്തിൽ പച്ചക്കറിയുടെ നൂറുമേനി
1538482
Tuesday, April 1, 2025 1:36 AM IST
ഷൊർണൂർ: വേനൽക്കാല പച്ചക്കറികൃഷിയിൽ വിളഞ്ഞതു നൂറുമേനി. വിഷുവിപണി ലക്ഷ്യമിട്ടാണ് കോടല്ലൂർ പാടശേഖരത്തിൽ പച്ചക്കറികൃഷി നടത്തിയത്.
മുൻവർഷങ്ങളിലും പച്ചക്കറികൃഷി ഇവർ നടത്തിവന്നിരുന്നു. രണ്ടാംവിള നെല്ലുകൊയ്യാൻ വൈകിയതിനാൽ പച്ചക്കറികൃഷിക്ക് നിലമൊരുക്കാൻ താമസം നേരിട്ടിരുന്നു.
പച്ചക്കറി റംസാൻവിപണിയിലെത്തിക്കാനാകാത്തതു കർഷകരെ വിഷമിപ്പിക്കുന്നുണ്ട്. 26 കർഷകർ 13 ഏക്കറിലാണ് പച്ചക്കറിക്കൃഷി ചെയ്യുന്നത്. 2013 മുതൽ കൊടലൂർ പാടശേഖരസമിതി പച്ചക്കറി ഉത്പാദകസംഘം പച്ചക്കറിക്കൃഷി സജീവമായി ചെയ്യാറുണ്ട്.
2012-13ൽ ജില്ലാതല ക്ലസ്റ്ററായും 2014-15ൽ ജില്ലാതല ഗ്രേഡ് ക്ലസ്റ്ററായും ഉയർന്നു. കർഷകർക്ക് ട്രിച്ചി ഹോട്ടികൾച്ചർ കോളജിൽ നടന്ന പരിശീലനപരിപാടിയിലും പങ്കെടുക്കാൻ അവസരം ലഭിച്ചിരുന്നു.
ഏക്കറിനു 8,000 രൂപവരെ കർഷകർക്കു കൃഷിഭവൻവഴി സഹായം ലഭിക്കാറുണ്ട്.
പതിവായികിട്ടുന്ന ധനസഹായം ഇക്കുറി ലഭിക്കുമോ എന്നകാര്യത്തിൽ ആശങ്കയിലാണു കർഷകർ.
മത്തൻ, കുമ്പളം, വെള്ളരി, കക്കരി, കയ്പയ്ക്ക, ചെരങ്ങ, പയർ, പടവലങ്ങ, വെണ്ട, ചീര തുടങ്ങി എല്ലാ പച്ചക്കറികളും ഇവിടെ കൃഷിചെയ്യാറുണ്ട്. ജൈവവളമാണ് ഉപയോഗിക്കുന്നത്.
30 കർഷകരുടെ കിണറുകളെ ആശ്രയിച്ചാണ് ജലസേചനം. വിത്തിടുമ്പോൾത്തന്നെ ശല്യമാകാറുള്ള കാട്ടുപന്നിക്കൂട്ടങ്ങളെ അതിജീവിച്ചാണ് ഇപ്പോഴത്തെ നൂറുമേനി വിജയം.