മാലിന്യസംസ്കരണത്തിനു മാതൃക ഈ ഷൊർണൂർ മോഡൽ
1538481
Tuesday, April 1, 2025 1:36 AM IST
ഷൊർണൂർ: മാലിന്യസംസ്കരണത്തിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കു മാതൃകയായി ഷൊർണൂർ മോഡൽ. ഖരമാലിന്യസംസ്കരണ രംഗത്ത് മാതൃകയാകുന്ന പ്രവർത്തനമാണു ഷൊർണൂർ നഗരസഭ മുമ്പോട്ടുവയ്ക്കുന്നത്.
പത്തുവർഷം മുമ്പുവരെ മാലിന്യം തലവേദനയായിരുന്ന ഷൊർണൂർ ഇന്ന് സംസ്ഥാനത്തെ തന്നെ മികച്ച മാലിന്യമുക്ത നഗരസഭയാണ്. ഒരുകാലത്ത് മാലിന്യസംസ്കരണ കേന്ദ്രത്തിന് സ്ഥലംകിട്ടാതെ വലഞ്ഞിരുന്നു.
ഇന്ന് അഗ്നിരക്ഷാസേനയുടെ ഓഫീസിന് എതിർവശത്തായി നഗരസഭയുടെ രണ്ടേക്കറോളം സ്ഥലം ഉപയോഗപ്പെടുത്തിയാണ് മാലിന്യം സംസ്കരിക്കുന്നത്. പ്ലാസ്റ്റിക് മാലിന്യം വേർതിരിച്ച് പുനരുപയോഗയോഗ്യമാക്കുന്നതിനും ഇവിടെ പദ്ധതിയുണ്ട്. ജൈവമാലിന്യം തുമ്പൂർമൂഴി, ക്രഡായി ബിൻ സംവിധാനങ്ങളിലൂടെയും സംസ്കരിക്കുകയാണ്. ഇതിൽനിന്നുത്പാദിപ്പിക്കുന്ന വളവും ഹരിതകർമസേന ഉപയോഗിക്കും. കക്കൂസ് മാലിന്യമുൾപ്പെടെ എത്തിച്ച് സംസ്കരിക്കുന്ന എഫ്എസ്ടിവി സംവിധാനവും ഉടൻ ആരംഭിക്കുന്നുണ്ട്. ഇതിനുപുറമേ വിവിധ ചടങ്ങുകൾ നടക്കുന്ന സ്ഥലത്തെ മാലിന്യം ഹരിതകർമസേന യൂസർഫീ നൽകിയാൽ സംഭരിക്കും.
ആക്രി ആപ്പുവഴി സാനിറ്ററി മാലിന്യങ്ങളും ഹരിതകർമസേനയിലൂടെ സംസ്കരിക്കുന്നുണ്ട്.
ആഴ്ചയിലൊരിക്കൽ വീടുകളിലെത്തി ഇവ സംഭരിച്ച് കേന്ദ്രത്തിലെത്തിക്കുന്നുണ്ട്. കോൺക്രീറ്റ് കെട്ടിടമാലിന്യവും യൂസർഫീ നൽകിയാൽ നഗരസഭ സംഭരിക്കും. വീട്ടിലെ കരിയിലപോലും സംസ്കരണകേന്ദ്രത്തിൽ എത്തിക്കാം. ഇതിനായി കരിയിലസംഭരണിയും ഒരുക്കിയിട്ടുണ്ട്.
മാലിന്യസംസ്കരണകേന്ദ്രത്തിൽ പൂന്തോട്ടവും പാർക്കും നഴ്സറിയും മാലിന്യത്തിൽനിന്നുണ്ടാക്കുന്ന കരകൗശലവസ്തുക്കളുമുണ്ട്. ടൗൺ സൗന്ദര്യവത്കരണത്തിനായി പൂച്ചെടികൾ വളർത്തിയെടുക്കാനായി നഴ്സറിയും ആരംഭിച്ചു കഴിഞ്ഞു. തൈകൾ വളർത്തി ചെടിച്ചട്ടികളിലാക്കി ടൗണിൽ സ്ഥാപിക്കുകയാണ് രീതി.
66 ഹരിതകർമസേനാംഗങ്ങളാണ് മാലിന്യനിർമാർജനപ്രവൃത്തികൾ നടപ്പാക്കുന്നത്. വേർതിരിച്ചെടുക്കുന്ന പ്ലാസ്റ്റിക് മാലിന്യം കണ്ണൂരിലുള്ള സർക്കാർ അംഗീകൃത ഏജൻസി ഹരിതകർമസേനയ്ക്ക് പണം നൽകി കൊണ്ടുപോകും.
പുനരുപയോഗസാധ്യതയില്ലാത്ത മാലിന്യം പണം വാങ്ങിയാണ് ഈ ഏജൻസി കൊണ്ടുപോകുന്നത്.
ഷൊർണൂർ മോഡൽ മാലിന്യ സംസ്കരണം പഠിക്കുന്നതിനു വേണ്ടി വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഇവിടെക്കെത്തുന്നുണ്ട്.