കുടിവെള്ളം പാഴാകുന്നതു തടയാൻ പൈപ്പ്ലൈൻ നവീകരണം തുടങ്ങി
1538484
Tuesday, April 1, 2025 1:36 AM IST
ഒറ്റപ്പാലം: കുടിവെള്ള പൈപ്പുകൾ പൊട്ടി ജലനഷ്ടം, നവീകരണ പ്രവൃത്തികൾ തുടങ്ങി. വാണിയംകുളം പഞ്ചായത്തിലാണ് കുടിവെള്ളപെപ്പുകൾ പൊട്ടി വലിയതോതിൽ ശുദ്ധജലം പാഴാവുന്നത്.
ഇതുപരിഹരിക്കാൻ കാലപ്പഴക്കംചെന്ന പൈപ്പ് ലൈനുകൾ മാറ്റി സ്ഥാപിക്കണമെന്നു വ്യാപാകമായി ആവശ്യമുയർന്നിരുന്നു.
തുടർന്നാണ് പൊട്ടിയ കുടിവെള്ളപൈപ്പുകൾ നവീകരിക്കാൻ നടപടികൾ തുടങ്ങിയത്.
ത്രാങ്ങാലി, മനിശ്ശീരി, തൃക്കങ്ങോട്, കൂനത്തറ ഭാഗങ്ങളിലെ കുടിവെള്ളവിതരണ പൈപ്പുകളുടെ പൊട്ടലാണ് പരിഹരിച്ചുവരുന്നത്.
ഈപ്രദേശങ്ങളിൽ ഏകദേശം മുപ്പതിലേറെ ഭാഗങ്ങളിലാണു പൈപ്പുകൾ പൊട്ടിയത്. ബാക്കി ഭാഗങ്ങളിലെ പ്രശ്നം ഉടൻ പരിഹരിക്കുമെന്ന് അധികൃതർ പറഞ്ഞു.
ഒരുമാസത്തിലേറെയായി പഞ്ചായത്തിന്റെ പല റോഡുകളിലായി കുടിവെള്ള പൈപ്പുപൊട്ടി വെള്ളം പാഴാകുന്നുണ്ട്.
വേനലായതോടെ മിക്കപ്രദേശങ്ങളിലും കുടിവെള്ളപ്രശ്നവും തുടങ്ങി.
കുടിവെള്ളത്തിന് ആശ്രയിക്കുന്ന പൈപ്പിലൂടെ വരുന്ന വെള്ളമാകട്ടെ റോഡുകളിൽക്കൂടി ഒഴുകി പാഴായിപ്പോവുകയുമാണ്.
മനിശ്ശീരി- വെള്ളിയാട് റോഡ്, തൃക്കങ്ങോട്- ചോറോട്ടൂർ റോഡ്, വാണിയംകുളം- മാന്നനൂർ റോഡ്, അമ്പലക്കുളം റോഡ്, ശിവരാമൻ നായർ റോഡിലടക്കം പല റോഡുകളിലും ഒരുമാസമായി കുടിവെള്ള പൈപ്പുപൊട്ടി വെള്ളം പാഴായിപ്പോയിരുന്നു.
വീടുകളിലേക്കു കണക്്ഷൻ നൽകുന്നതിനായി പ്രധാന പൈപ്പുകളിൽ സ്ഥാപിച്ച ചെറിയ പൈപ്പുകളാണ് കൂടുതലായി പൊട്ടുന്നത്.
നേരത്തെ പരീക്ഷണാടിസ്ഥാനത്തിൽ വിതരണം തുടങ്ങിയതോടെ പല ഭാഗത്തും പൈപ്പുപൊട്ടൽ വ്യാപകമായിരുന്നു.
ഇതെല്ലാം പരിഹരിച്ച് വിതരണം തുടങ്ങിയതോടെ വീണ്ടും പൈപ്പുകൾ വ്യാപകമായി പൊട്ടുന്ന സ്ഥിതിയായിരുന്നു.
ഇതിനാണ് അധികൃതർ പരിഹാരം കാണാൻ അടിയന്തര നടപടികൾ തുടങ്ങിയത്.