നെന്മാറ- വല്ലങ്ങി വേലയ്ക്കു സുരക്ഷാ ഒരുക്കം പൂർണം
1538487
Tuesday, April 1, 2025 1:36 AM IST
നെന്മാറ: നെന്മാറ- വല്ലങ്ങി വേലയുടെ സുരക്ഷാ ഒരുക്കങ്ങൾ പൂർത്തിയാകുന്നു. സുരക്ഷാക്രമീകരണങ്ങൾ നിയന്ത്രിക്കുന്നതു ആലത്തൂർ ഡിവൈഎസ്പി എൻ. മുരളീധരന്റെ നേതൃത്വത്തിൽ. അദ്ദേഹത്തെ സഹായിക്കുന്നതിനു നെന്മാറ പോലീസ് ഇൻസ്പെക്ടർ എ.പി. അനീഷിനു പ്രത്യേക ചുമതല നൽകി.
പോലീസിന്റെ ഡ്യൂട്ടി ക്രമീകരണങ്ങളുടെ ഭാഗമായി വേല നടക്കുന്ന സ്ഥലങ്ങളെ വിവിധ ഭാഗങ്ങളായിതിരിച്ച് ഓരോ ഭാഗത്തിനും ഓരോ ഡിവൈഎസ്പി മാരെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്.
പിടിച്ചുപറി, മോഷണം മുതലായവ തടയുന്നതിനു വേണ്ടി ജില്ലയിലെ പ്രാവീണ്യം നേടിയ പോലീസ് ഉദ്യോഗസ്ഥരെ നിയമിച്ചിട്ടുണ്ട്, കൊല്ലങ്കോട്, പല്ലാവൂർ, മേലാർകോട്, കിളിയലൂർ, ചിറ്റിലഞ്ചേരി തുടങ്ങിയ ഭാഗങ്ങളിൽനിന്നും വരുന്ന റോഡുകളിൽ ആന്റിതെഫ്റ്റ് സ്ക്വാഡിന്റെ സേവനം ലഭ്യമാക്കിയിട്ടുണ്ട്.
സുരക്ഷാ ഡ്യൂട്ടിക്കായി ഡിവൈഎസ്പി മുതൽ വിവിധ ഗ്രേഡ് പോലീസ് ഉദ്യോഗസ്ഥരെയും വനിതാ പോലീസുകാർ, വനം വകുപ്പ് ജീവനക്കാർ എന്നിവരെയും നിയോഗിച്ചിട്ടുണ്ട്. നെന്മാറ ഭാഗത്തും വല്ലങ്ങി ഭാഗത്തും നാലു ഫയർ ബ്രിഗേഡ് ടീമിന്റെ സേവനം ലഭ്യമായിരിക്കും.
ആരോഗ്യസുരക്ഷ
പൊതുജനങ്ങളുടെ സുരക്ഷക്കായി പൂർണമായി സജ്ജീകരിച്ച അഞ്ചുആംബുലൻസുകളും, ഏഴു സ്വകാര്യ ആംബുലൻസുകളും വേല ദിവസങ്ങളിൽ ലഭ്യമാക്കിയിട്ടുണ്ട്. നെന്മാറ ഗവ. ആശുപത്രിയിൽ 24 മണിക്കൂറും കാഷ്വാലിറ്റി പ്രവർത്തിക്കും.
കാഷ്വാലിറ്റിയിലെ പോലീസ് ഔട്ട്പോസ്റ്റ് ബുധനാഴ്ച രാവിലെ പത്തുമുതൽ വെള്ളിയാഴ്ച രാവിലെ പത്തുവരെയുണ്ടാകും. നെന്മാറ ഹെൽത്ത് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ ആരോഗ്യവകുപ്പിലെ ജീവനക്കാരുടെ മുഴുവൻസമയ സേവനവും ഉറപ്പുവരുത്തിയിട്ടുണ്ട്.
കുടിവെള്ള സൗകര്യം
വാട്ടർ അഥോറിറ്റിയുമായി ചേർന്ന് ബുധനാഴ്ച മുതൽ വെള്ളിയാഴ്ച വരെ നെന്മാറ മന്ദം, വല്ലങ്ങി വില്ലേജ് ഓഫീസിന് സമീപമുള്ള അയ്യപ്പൻകാവിനുസമീപം, നെല്ലിപ്പാടം അരളി മരത്തിനുസമീപം, വല്ലങ്ങി പന്തലിനുസമീപം, വല്ലങ്ങി ബൈപാസ്, വാട്ടർ അഥോറിറ്റി ഓഫീസിനു മുൻവശം. അളുവശ്ശേരി കുരിശുപള്ളിക്ക് സമീപം എന്നിവിടങ്ങളിലായി 24 മണിക്കൂറും വെള്ളം ലഭിക്കുന്ന പൊതു ടാപ്പുകൾ സ്ഥാപിച്ചിട്ടുണ്ട്.
വെടിക്കെട്ട്
ഇരുദേശത്തിന്റെയും വെടിക്കെട്ട് സുരക്ഷാക്രമീകരണങ്ങളുടെ ചുമതല ഓരോ ഡിവൈഎസ്പി മാരുടെ മേൽനോട്ടത്തിലാണ് നടക്കുന്നത്. വെടിക്കെട്ട് സമയത്ത് നെല്ലിക്കുളങ്ങര പരിസരത്തും, ക്ഷേത്രകുളവരമ്പ് പരിസരത്തും പൊതുജനങ്ങൾ പ്രവേശിക്കുന്നതിനു കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായി വെടിക്കെട്ട് നടത്തുന്നസ്ഥലം പൂർണമായി ഇരുമ്പ് ബാരിക്കേഡ് കെട്ടി സംരക്ഷിച്ചിട്ടുണ്ട്.
വെടിക്കെട്ട് കാണാനെത്തുന്നവർ ബാരിക്കേഡിന് പുറത്തുനിന്നും വീക്ഷിക്കേണ്ടതാണ്. വെടിക്കെട്ട് ഒരുക്കുന്ന ഗ്രൗണ്ടിലേക്ക് യാതൊരു കാരണവശാലും കാഴ്ചക്കാരെ പ്രവേശിപ്പിക്കില്ല.
വേല കൺട്രോൾ റൂം
നെന്മാറ പോലീസിന്റെ കൺട്രോൾ റൂം നെല്ലിക്കുളങ്ങര ക്ഷേത്രത്തിനു സമീപത്തായി ബുധനാഴ്ച ഉച്ചക്ക് ഒന്നുമുതൽ വെള്ളിയാഴ്ച രാവിലെ പത്തുവരെ പ്രവർത്തിക്കും. വേലയുടെ സുഗമമായ നടത്തിപ്പിനായി വിവിധ വകുപ്പുകളെ സംയോജിപ്പിച്ചു കൊണ്ട് നെന്മാറ പഞ്ചായത്തോഫീസിൽ ജോയിന്റ് കൺട്രോൾ റൂമും പ്രവർത്തിക്കും.
എലിഫന്റ് സ്ക്വാഡ്
ആനകൾ മദമിളകി അപകടവും നാശനഷ്ടങ്ങളുമുണ്ടാക്കുന്നത് ഒഴിവാക്കുന്നതിനു എല്ലാവിധ ആധുനിക സജ്ജീകരണങ്ങളോടുംകൂടി 24 മണിക്കൂറും പ്രവർത്തിക്കുന്ന മൃഗസംരക്ഷണ വകുപ്പിന്റെ എലിഫന്റ് സ്ക്വാഡിന്റെ പ്രവർത്തനം ലഭ്യമാക്കിയിട്ടുണ്ട്.